പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. ഇരിട്ടി സ്വദേശികളായ 3 പേർ പിടിയിൽ
കണ്ണൂർ: പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉത്പന്ന വേട്ട. മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ലക്ഷത്തോളം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇരിട്ടി കീഴൂര്‍കുന്നിലെ കെ. മുഹമ്മദലി (51), പെരുമ്പുന്നയിലെ സി. കബീര്‍ (32), പുന്നാട് സ്വദേശി കെ.വി. മുജീബ് (42) എന്നിവരാണു പിടിയിലായത്. പുലര്‍ച്ചെ മൂന്നരയോടെ പെരുമ്പ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം കുടുങ്ങിയത്. മത്സ്യവണ്ടിയെന്ന വ്യാജേന മീന്‍കൊണ്ടുപോകുന്ന ബോക്സുകള്‍ അടുക്കി കയറ്റിയതിനിടയിലായിരുന്നു 20 ചാക്കുകളിലായി പുകയില ഉത്പന്നങ്ങള്‍ ഒളിച്ചുവച്ചിരുന്നത്.
കര്‍ണാടകയില്‍നിന്നും ഇരിട്ടി ഭാഗത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് വാഹനം ഉൾപ്പടെ സംഘത്തെ പിടിച്ചത്. ആറായിരത്തോളം പാക്കറ്റ് കൂള്ലിപ്സ്, ഹാന്‍സ്, പാന്‍പരാഗ് ഉള്‍പ്പെടെയുള്ള വന്‍ നിരോധിത പുകയില ഉത്പന്നങ്ങളാണ് പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാഹനത്തിന്റെ നമ്പര്‍ മറയുന്ന രീതിയിലുള്ള ബംബര്‍ ഘടിപ്പിച്ച നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങള്‍ സ്ഥിരമായി കടത്തി വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.