തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പൊലീസ് വക 500 രൂപ പിഴ. വിചിത്രമായ പിഴയ്ക്ക്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.
KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പൊലീസിന്‍റെ വിചിത്രമായ പിഴ ലഭിച്ചത്. ഹെൽമെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്. പൊലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാൽ തുടർനടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെൽമെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്.
പൊതുവിൽ ഓട്ടോ ഡ്രൈവർമാരോട് പൊലീസ് മോശമായാണ് പെരുമാറ്റത്തിലും സഫറുള്ളയ്ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റിൽ വിളിച്ചെങ്കിലും മറുപടിയില്ല. ക്ലറിക്കൽ പ്രശ്നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നൽകിയാൽ പിഴ ഒഴിവാക്കുമെന്നും പറയുന്നു.