ഖത്തറിൽ വധശിക്ഷ വിധിച്ച മുൻ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് വേണ്ടി ചാരവൃത്തി ചെയ്‌തിരുന്നോ? ഇന്ത്യ ഇടപെടുമോ?

ഖത്തറിൽ വധശിക്ഷ വിധിച്ച മുൻ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് വേണ്ടി ചാരവൃത്തി ചെയ്‌തിരുന്നോ? ഇന്ത്യ ഇടപെടുമോ?


പശ്ചിമേഷ്യയിലെ ഇന്ത്യയുടെ നയതന്ത്ര വെല്ലുവിളികള്‍ വര്‍ധിക്കുകയാണ്. പലസ്തീനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിൽ സന്തുലിതമായ നിലപാട് സ്വീകരിച്ചശേഷം ഇപ്പോഴിതാ ശ്രദ്ധ ഖത്തറിലേക്ക് മാറിയിരിക്കുകയാണ്. ചാരവൃത്തിയാരോപിച്ച് ഇന്ത്യക്കാരായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ചിരിക്കുകയാണ്. ഇത് സര്‍ക്കാരിന് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഖത്തറിന്റെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ നിയമവഴികളും തേടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന് ഖത്തറിന്റെ ഈ നടപടിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയുമോ? നാവിക ഉദ്യോഗസ്ഥരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമോ? ഇക്കാര്യത്തിലുള്ള സാധ്യതകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ ദോഹയില്‍ എന്തു ചെയ്യുകയായിരുന്നു?

2022 ഓഗസ്റ്റ് 30-നാണ് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരായ എട്ടുപേരെ ദോഹയില്‍വെച്ച് ഖത്തറിന്റെ സ്‌റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ് സ്‌റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ. പ്രതിരോധ സേവനങ്ങള്‍ നല്‍കുന്ന ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് വേണ്ടിയാണ് എട്ടുപേരും ജോലി ചെയ്തിരുന്നത്. ഒമാനി സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ. ഇദ്ദേഹത്തെയും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2022 നവംബറില്‍ വിട്ടയച്ചു.

ഖത്തറി എമിരി നേവല്‍ ഫോഴ്‌സില്‍ ഇറ്റാലിയന്‍ യു212 എന്ന അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നവരാണ് ഈ എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022 ഒക്ടോബറില്‍ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റിന് പിന്നാലെ ദഹ്‌റ ഗ്ലോബലിന്റെ വെബ്‌സൈറ്റ് നീക്കം ചെയ്തിരുന്നു. ഖത്തറിന്റെ നാവിക സേനക്ക് പരിശീലനം, ലോജിസ്റ്റിക്‌സ്, മെയിന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്നതായി വെബ്‌സൈറ്റില്‍ ഇവര്‍ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ സ്ഥാപനത്തിന് പുതിയ വെബ്‌സൈറ്റാണ് ഉള്ളത്. അതില്‍ ഖത്തര്‍ എമിരി നേവല്‍ ഫോഴ്‌സുമായുള്ള ബന്ധം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

മേയ് 30-ന് ദഹ്‌റ ഗ്ലോബല്‍ ദോഹയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അവിടെ ജോലി ചെയ്തിരുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ള തൊഴിലാളികളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.

എട്ട് നാവിക ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ എന്തെല്ലാമാണ്?

കാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, കാപ്റ്റന്‍ സൗരഭ് വശിഷ്ട്, കമാണ്ടര്‍ പുര്‍ണേന്ദു തിവാരി, കാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാൻഡര്‍ സുഗുണാകര്‍ പാകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, കമാൻഡര്‍ അമിത് നാഗ്പാല്‍, സെയിലര്‍ രാഗേഷ് എന്നിവരാണ് അറസ്റ്റിലായ എട്ട് ഇന്ത്യക്കാര്‍. ഇവര്‍ എട്ടുപേരും 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായിരുന്നുവെന്നും ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്നവരായിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇസ്രയേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിനാണ് ഇവരെ അറസ്റ്റിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരേ എട്ട് പേര്‍ക്കും അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ സര്‍ക്കാരിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും?

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുന്നതെങ്കിലും അതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ എംബസി ഇക്കാര്യമറിയുന്നത്. 2022 ഒക്ടോബര്‍ ഒന്നിന് ഇന്ത്യയുടെ ഖത്തർ സ്ഥാനപതി നാവിക ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അറസ്റ്റിലായവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. നയതന്ത്ര, രാഷ്ട്രീയ ശ്രദ്ധ കേസ് നേടിയിട്ടുണ്ട്. നവംബറില്‍ ഫിഫ ലോകകപ്പ് ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ദോഹ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ഓഫീസര്‍മാരുടെ പ്രശ്നങ്ങള്‍ അദ്ദേഹം പരിഹരിക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നുവെങ്കിലും വിഷയം ചര്‍ച്ച ചെയ്തില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

നാവിക ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തത് വളരെ പ്രധാന്യമര്‍ഹിക്കുന്ന കേസ് ആണെന്ന് ഡിസംബറില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയ വിധിയില്‍ നടുക്കം രേഖപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിധിയിലെ വിശദാംശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയാണെന്നും നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്ധരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നാവിക ഉദ്യോസ്ഥരുടെ മോചനം വലിയ വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം

ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമാണെന്ന് കാണാന്‍ കഴിയും. 2008-ല്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ്ങിന്റെ ഖത്തര്‍ സന്ദര്‍ശനം ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് അദ്ദേഹം,

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തശേഷം 2015-ല്‍ ഖത്തര്‍ അമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഒട്ടേറെ ത്തവണ ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. പ്രതിരോധമേഖലയിലെ സഹകരണവും വ്യാപാരവുമാണ് ഇന്ത്യ-ഖത്തര്‍ ബന്ധത്തിലെ പ്രധാനകണ്ണികള്‍. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യയില്‍ നിന്നാണ്.

ബിജെപി വക്താവ് നൂപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരെ ഒരു ടിവി പരിപാടിയില്‍ സംസാരിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കല്ലുകടിയായി തീര്‍ന്നിട്ടുണ്ട്. ഇതിനെതിരേ ആദ്യം പ്രതികരിച്ച രാജ്യമാണ് ഖത്തര്‍. ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നാവികരുടെ വധശിക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം കൂടുതല്‍ ശ്രദ്ധ നേടുകയാണ്.