മാവോയിസ്‌റ്റുകൾ വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവംയു എ പി എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മാവോയിസ്‌റ്റുകൾ വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവം
യു എ പി എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു  


ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ മാവോയിസ്‌റ്റുകൾ വനപാലകർക്ക് നേരെ  വെടിയുതിർത്ത സംഭവത്തിൽ യു എ പി എ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാച്ചർമാരായ എബിൻ (26), സിജോ(28) ബോബസ് (25) എന്നിവരുടെ  പരാതിയിൽ ആറളം പോലീസ് ആണ്  യു എ പി എ പ്രകാരം കെസ്സെടുത്ത് അന്വേഷണം  തുടങ്ങിയത്. കെല്ലുക എന്ന ഉദ്ദേശത്തോടെയാണ്  വെടിവെച്ചതെന്നും ആയുധ നിയമ പ്രകാരവും 307-ാം വകപ്പും  ചേർത്ത് വധശ്രമത്തിനും ആണ്  കേസ്സെടുത്തിട്ടുള്ളത്. 
 വനപാലകർ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും അമ്പലപ്പാറയിലുള്ള വനം വകുപ്പിന്റെ ക്യാമ്പ് ഷെട്ടിലേക്ക് പോകുമ്പോൾ ചാവച്ചിയിലെ ക്യാമ്പ് ഷെഡിനടുത്തു വെച്ചാണ് ഇരുവരും മുഖാമുഖം എത്തുന്നത്. വനപാലകർ മുന്നിൽപ്പെട്ടതോടെ അഞ്ചംഗ മാവോവാദി സംഘത്തിൽ നിന്നും രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് വനപാലകർ പോലീസിന് നൽകിയമൊഴിയിൽ പറയുന്നു. ഇരുവരും തമ്മിൽ  30മീറ്ററിനും 150മീറ്ററിനും ഇടയിലുള്ളപ്പോൾ ഏഴ് റൗണ്ട് വെടിവെച്ചുവെന്നാണ് ഇവർ  മൊഴിയിൽ പറയുന്നത്.
 ഇരിട്ടി എ എസ് പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ മേഖലയിൽ അന്വേഷണം ഊർജ്ജിതമാക്കി. മാവോയിസ്‌റ്റ്  സംഘത്തിലുള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ  തിരിച്ചറിയാൻ സാധിക്കുന്ന തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എ എസ് പി പറഞ്ഞു. 15 അംഗം തണ്ടർബോർട്ട് സംഘം ആറളം വനത്തിനുള്ളിൽ പരിശോധന നടത്തി. 
കഴിഞ്ഞ ദിവസം രാമച്ചിയിൽ സി.പി. മൊയ്‌ദീന്റെ നേതൃത്വത്തിലുള്ള മാവോയിസ്‌റ്റ്  സംഘം ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയിരുന്നു. ഈ സംഘത്തിൽ സോമൻ, മനോജ്, രവി, സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നതെന്ന് മാവോയിസ്‌റ്റ് വിരുദ്ധ സ്‌ക്വാഡ് തിരച്ചറിഞ്ഞിരുന്നു. ഈ സംഘം തന്നെയാണ് വനപാലകർക്കുനേരെ വെടിയുതിർത്തതെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മാവോയിസ്‌റ്റുകൾ  എത്തിയ ആറളം, അയ്യൻകുന്ന്, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ പോലീസും രഹസ്യാന്വോഷണ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ വിവിധ സമയങ്ങളിലായി  11 അംഗം മാവോയിസ്‌റ്റ്  സംഘം ഈതിയിരുന്നു.  രണ്ട് ദളങ്ങളായി  പ്രവർത്തിക്കുന്ന സംഘത്തിൽ  മൂന്ന് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.  അതേസമയം  വെടിവെപ്പ്  സംഘത്തിൽ വനിതകളുടെ സിന്നിധ്യം ഇല്ലായിരുന്നു. അതിനാൽ തന്നെ ഈ രണ്ട് ദളങ്ങളും ഒന്നിച്ചു ചേർന്നിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 

അതേസമയം മാവോയിസ്റ്റുകൾ വെടിയുതിർക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടർ ബോൾട്ടിന്റേയും വനം വകുപ്പിലെ താത്കാലിക ജീവനക്കാരുടെയും യൂണിഫോമിലുള്ള സാദൃശ്യമാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. മുൻപ് പലതവണയും ആറളം വനത്തിനുള്ളിൽ  മുഖാമുഖം കാണേണ്ട സാഹചര്യമുണ്ടായപ്പോൾ ഇരു വിഭാഗവും വഴിമാറി നടക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ സമയങ്ങളിലൊന്നും ഉണ്ടാകാത്ത പ്രകോപനം ഈ യൂണിഫോമിലെ സാധ്യതയാകാം എന്ന വിലയിരുത്തലാണ് ശക്തിപ്പെടുന്നത്. ചെറുപ്പക്കാരായ പോലീസുകാരന് തണ്ടർബോൾട്ടിൽ ഏറെയും ഉള്ളത്. തണ്ടർബോൾട്ട് സേനയുടെ യൂണിഫോമിന് സമാനമായ ഡ്രസ്സ് ധരിച്ചാണ്  ചെറുപ്പക്കാരായ വാച്ചർമാർ തിങ്കളാഴ്ച മാവോയിസ്റ്റ് സംഘത്തിന്റെ മുന്നിൽ എത്തിയത്. ഇരുവരും പെട്ടെന്ന് മുഖാമുഖം കണ്ടപ്പോൾ തണ്ടർബോൾട്ട് സേനയാണെന്ന് തെറ്റിദ്ധരിച്ചാവാം ഇവർ വെടിവെച്ചത് എന്ന സംശയമാണ് ഉയരുന്നത്.