ഫോൺപേയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ‘പിൻകോഡിൽ’ പുതിയ ഫീച്ചറുകൾ എത്തുന്നു. ഇ-കോമേഴ്സ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾക്കാണ് ഇത്തവണ പിൻകോഡ് തുടക്കമിടുന്നത്. നിലവിൽ, ബെംഗളൂരു, മുംബൈ എന്നിവ ഉൾപ്പെടെയുള്ള 10 നഗരങ്ങളിൽ പിൻകോഡിന്റെ സേവനം ലഭ്യമാണ്. ഘട്ടം ഘട്ടമായി ടയർ-2, ടയർ-3 നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാൻ പിൻകോഡ് ലക്ഷ്യമിടുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾ, ഫാർമ, ഫാഷൻ, ഇലക്ട്രിക് ഉൽപ്പന്നങ്ങൾ എന്നിവയാണ് പിൻകോഡ് മുഖാന്തരം ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാനാകുക. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം പ്രാദേശിക ഷോപ്പുകളിൽ നിന്നും, റസ്റ്റോറന്റുകളിൽ നിന്നും നേരിട്ട് ബ്രൗസ് ചെയ്യാനും, ഓർഡർ ചെയ്യാനും പിൻകോഡ് അവസരം നൽകുന്നുണ്ട്. നിരവധി പ്രാദേശിക ബ്രാൻഡുകൾ ഈ സേവനത്തിന് കീഴിൽ ലഭ്യമാണ്.
ഈ വർഷം ഏപ്രിൽ മാസമാണ് ഫോൺപേ പിൻകോഡ് സേവനത്തിന് തുടക്കമിട്ടത്. സർക്കാർ സഹായമുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ കോമേഴ്സ് പ്ലാറ്റ്ഫോമിലാണ് ആദ്യമായി പിൻകോഡ് അവതരിപ്പിക്കപ്പെട്ടത്. ഏകദേശം ആറ് മാസത്തിനുള്ളിൽ 1.2 ദശലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ലഭിച്ച മൊത്തം ഓർഡറുകൾ 6 ലക്ഷമാണ്.