റോഡരികില്‍ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; തിന്നര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

റോഡരികില്‍ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; തിന്നര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം


കൊല്ലം കുണ്ടറയില്‍ റോഡരികില്‍ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യ(23)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ഒരു മണിയോടെ വഴിയാത്രക്കാരനാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പേരയത്തെ കടയില്‍ നിന്ന് തിന്നര്‍ വാങ്ങിയ ശേഷം റോഡരികില്‍ ആത്മഹ്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ആളൊഴിഞ്ഞ ഭാഗത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. 11.50ന് സൂര്യ പ്രധാന റോഡിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ആളൊഴിഞ്ഞ മൃതദേഹം കാണപ്പെട്ട റോഡിലേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. 12 മണിയോടെ യുവതി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് അറിയിക്കുന്നത്.

കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് ലഭിച്ച ബാഗും തിന്നര്‍ കൊണ്ടുവന്ന കുപ്പിയും തീപ്പെട്ടിയും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൂര്യയുടെ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.