നേപ്പാളിൽ വെള്ളിയാഴ്ച അർദ്ധരാത്രി ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മരണസംഖ്യ 157 കവിഞ്ഞിട്ടുണ്ട്. ഇതിൽ 89 പേർ സ്ത്രീകളാണ്. 190 ഓളം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നേപ്പാളിലെ ജാജർകോട്ട്, റുകും ജില്ലകളിലാണ് കൂടുതൽ നാശനഷ്ടവും, ആളപായവും ഉണ്ടായിട്ടുള്ളത്. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തെ തുടർന്ന് തകർന്നിട്ടുണ്ട്. നിലവിൽ, പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
റിക്ടർ സ്കെയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ നേപ്പാളിൽ അനുഭവപ്പെട്ടത്. ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. കൂടാതെ, 2015-ൽ 9,000-ത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിനുശേഷം നേപ്പാൾ കണ്ട ഏറ്റവും വലിയ ഭൂചലനം കൂടിയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്.