നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്

നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്



ന്യൂഡൽഹി: എയർ ഇന്ത്യ യാത്രക്കാർക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 19ന് എയർ ഇന്ത്യാ വിമാനത്തിൽ സിഖ് വംശജർ ആരും കയറരുതെന്ന മുന്നറിയിപ്പുമായി ആണ് എത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ വീഡിയോയിലാണ് ഗുർപത്വന്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 19 ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകൾക്ക് “ജീവൻ അപകടത്തിലാകും” എന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

നവംബർ 19ന് സിഖ് ജനതയോട് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. ആഗോളപരമായി ഉപരോധങ്ങൾ നേരിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജീവൻ അപകടത്തിലാകും എന്നായിരുന്നു പന്നൂൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്.

അതിനൊപ്പം തന്നെ ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും വിമാനത്താവളത്തിന്റെ പേര് മാറ്റുമെന്നും പുന്നൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ദിവസമാണെന്നും ഭീകരൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇസ്രയേലിന് മേൽ നടത്തിയതിന് സമാനമായി ഇന്ത്യയിലും ആക്രമണം നടത്തുമെന്ന് ഒക്ടോബർ 10ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ നിരോധിത യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനായ പന്നൂൻ പറഞ്ഞിരുന്നു. ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ നിന്നും പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയായിരുന്നു വീഡിയോ.

നേരത്തെ പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്ക് തെളിഞ്ഞതിനാൽ 2020ൽ ഇന്ത്യ പന്നുനെ ഭീകരരുടെ പട്ടികയിൽ പെടുത്തിയിരുന്നു. പിന്നീട്, ഇയാളുടെ കൃഷി ഭൂമിയും കണ്ടുകെട്ടിയിരുന്നു.

രാജ്യദ്രോഹ കേസ് അടക്കം 22 ക്രിമിനൽ കേസുകളിൽ പഞ്ചാബിൽ പ്രതിയാണ് ഇപ്പോൾ യുഎസിൽ കഴിയുന്ന ഗുർപത്വന്ത് സിങ് പന്നുൻ. 2022 ഒക്ടോബർ മാസത്തിൽ പന്നുനിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോടു ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിച്ചു.