വെള്ളക്കരം കൂട്ടി ജനത്തെ പിഴിഞ്ഞിട്ടും കടത്തില്‍ മുങ്ങി വാട്ടര്‍ അതോറിറ്റി, ബാധ്യത 2865 കോടി
തിരുവനന്തപുരം: കുടിശികയുടെ കണക്കെടുത്താൽ മൂക്കോളം വെള്ളത്തിൽ എന്നും ആണ്ട് മുങ്ങി കിടക്കുന്ന വകുപ്പാണ് ജലവിഭവ വകുപ്പ്. ഇക്കഴിഞ്ഞ ബജറ്റിൽ വെള്ളക്കരം കൂട്ടുന്നതിന് തൊട്ടുമുൻപുള്ള കണക്ക് അനുസരിച്ച് 592 കോടി രൂപയോളമാണ് വരവും ചെലവും തമ്മിലുള്ള അന്തരം. വെള്ളക്കരം കൂട്ടിയിട്ടും കുടിശിക പിരിക്കാൻ കര്‍മ്മ പദ്ധതിയായിട്ടും വാട്ടര്‍ അതോറിറ്റി മെച്ചപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല സെപ്തംബര്‍ 30 വരെയുള്ള ബാലൻസ് ഷീറ്റൽ കൊടുത്തു തീര്‍ക്കാനുള്ള തുക മാത്രമുണ്ട് 2865 കോടി രൂപ. കാലങ്ങളായി പരിഷ്കരിച്ചില്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളക്കരം കൂട്ടിയത്.
പറഞ്ഞത് ലിറ്ററിന് ഒരു പൈസയാണെങ്കിലും ബില്ലിൽ പ്രതിഫലിച്ചത് മിനിമം മൂന്നിരിട്ടിയായാണ്. പ്രതിവര്‍ഷം 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് കുടിവെള്ള നിരക്ക് കൂട്ടിയത്. തുടര്‍ന്ന് ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം അധികം കിട്ടിയത് 92 കോടി രൂപ. സെപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 2567.05 കോടിയാണ് ജല അതോറിറ്റിയുടെ ബാധ്യത. കറണ്ട് ബില്ലിനത്തിൽ മാത്രം 1263.64 കോടി കൊടുക്കാനുണ്ട്. പെൻഷൻ ബാധ്യത 153 കോടി. വിവിധ വായ്പകളും തിരിച്ചടവുകളും എല്ലാമായി ആയി വലിയൊരു തുക കടം നിൽക്കുമ്പോഴും കിട്ടാക്കടം പിരിച്ചെടുക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതിയില്ല. ഗാര്‍ഹിക ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് 257 കോടിയാണ്. ഗാര്‍ഹികേതര കണക്ഷനുകൾ വരുത്തിയ കുടിശിക 211 കോടിയാണ്.