എലിപ്പനി- ഡെങ്കിപ്പനി; 5 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി കേസുകൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ. 11 മാസത്തിനിടെ 4254 പേരാണ് എലിപ്പനിയും സമാനലക്ഷണങ്ങളുമായും ചികിത്സതേടിയത്. ഡെങ്കിപ്പനിയും സമാനലക്ഷണങ്ങളുമായും 47,986 പേരും ചികിത്സതേടി. ഈവർഷം എലിപ്പനിയും സമാനലക്ഷണങ്ങളുമായും 229 പേർ ഇതുവരെ മരിച്ചു.
ഡെങ്കിപ്പനിയും സമാനലക്ഷണങ്ങളുമായും 152 പേരും മരിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഡെങ്കിപ്പനി രൂക്ഷം. ഒക്ടോബറിൽ മാത്രം എലിപ്പനി ബാധിച്ച് മരിച്ചത് 50 പേരാണ്. വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് 60 പേരും മരിച്ചു. ഈ മാസം പത്ത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് അഞ്ച് ജീവനുകൾ പൊലിഞ്ഞു
രാജ്യത്ത് ഡെങ്കി കേസുകളിൽ കേരളമാണ് മുന്നിൽ. ആകെ കേസുകളിൽ കർണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്ത് ഡെങ്കി കേസുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 56 ശതമാനം വർധനയുണ്ട്. കഴിഞ്ഞവർഷം 4468 കേസുകൾ മാത്രമായിരുന്നു. കഴിഞ്ഞവർഷം ആകെ 58 മരണങ്ങളുമുണ്ടായി. കഴിഞ്ഞവർഷം എലിപ്പനി 2482 പേർക്കാണ് സ്ഥിരീകരിച്ചത്. സമാനലക്ഷണങ്ങളുമായി 2833 പേരും ചകിത്സതേടി. കഴിഞ്ഞവർഷം 121 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്
രോഗവ്യാപനം കുറക്കാൻ തദ്ദേശവകുപ്പിന്റെ പങ്കാളിത്തതോടെ കൊതുക് നിർമാർജനം ഉൾപ്പെടെ ആവിഷ്കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വർധന. ഇടവിട്ടുള്ള മഴയും ഓടകൾ പൊട്ടിയൊഴുകുന്നതും കേസുകൾ ഇനിയും കൂടാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.