സംസ്ഥാന തലത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടി ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ്

സംസ്ഥാന തലത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടി ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ  എൻ എസ് എസ് യൂണിറ്റ്



 
ഇരിട്ടി:   സംസ്ഥാന തലത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയമായി ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്.  2023  വർഷത്തെ ഹയർസെക്കൻഡറി തലത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റ്,  ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച എൻഎസ്എസ് വളണ്ടിയർ എന്നീ മൂന്ന് അവാർഡുകളാണ് ഇരിട്ടി എച്ച് എസ് എസ് കരസ്ഥമാക്കിയത്.   സംസ്ഥാനത്തെ മികച്ച എൻഎസ്എസ് യൂണിറ്റായി  സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ  സ്കൂളിലെ എൻ എസ് എസിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ മികച്ച പ്രോഗ്രാം കോർഡിനേറ്ററായും, എൻ എസ് എസ് ലീഡർ പി.എസ്. സായന്തിനെ  മികച്ച വളണ്ടിയറായും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ   മൂന്ന് അവാർഡുകളും ഒരേ സമയം സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂളായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മാറി. 
2020 മുതൽ 2023 വരെയുള്ള പ്രവർത്തന കാലഘട്ടത്തിൽ നടത്തിയ സാമൂഹിക - ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനത്തിലൂന്നിയ ഇടപെടലുകളും, വിവിധ പാരിസ്ഥിതിക, പാലിയേറ്റീവ്, സാംസ്ക്കാരിക പ്രവർത്തനങ്ങളും,  ജൈവ - കർഷിക രംഗത്തെ നേട്ടങ്ങളുമാണ്  സ്കൂൾ എൻ എസ് എസ് യൂണിറ്റിനെ പുരസ്കാരങ്ങളുടെ നെറുകയിലെത്തിച്ചത്. 
പ്രോഗ്രാം ഓഫിസർ ഇ.പി. അനിഷ് കുമാറിനും എൻ എസ് എസ് വളണ്ടിയർ മാർക്കുമൊപ്പം പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റിയുടെ നേതൃത്വത്തിലുള്ള രക്ഷിതാക്കൾ എന്നിവർ ചേർന്ന് നടത്തിയ കൂട്ടായ  പ്രവർത്തനങ്ങളും സ്‌കൂളിന്റെ ഈ അഭിമാനനേട്ടത്തിന്  ശ്രദ്ധേയമായ ഘടകങ്ങളായി.