ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി പോളിംഗ് നടക്കുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടമായ ഇന്ന് മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ സുരക്ഷയിലാണ് പോളിംഗ്. ആകെയുള്ള 90 സീറ്റുകളില്‍ 20 ഇടത്ത് ഇന്ന് പോളിംഗ് നടക്കും. ഇതില്‍ 12 മണ്ഡലങ്ങള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ മേഖലയിലാണ്. സുരക്ഷയ്ക്കായി 60,000 ജീവനക്കാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
12 സീറ്റുകളില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് പോളിംഗ്. മറ്റിടങ്ങളില്‍ എട്ടു മണി മുതല്‍ അഞ്ച് മണിവരെയും. ഇന്നലെ കങ്കര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റിരുന്നു.
25 സ്ത്രീകളടക്കം 223 പേരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 40,78,681 വോട്ടര്‍മാരുണ്ട്. ഇവരില്‍ 19,93,937 പേര്‍ പുരുഷന്മാരും 20,84,675 പേര്‍ സ്ത്രീകളും 69 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 5304 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ മഴവില്‍ നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് രാജ്‌നന്ദഗോണ്‍ മണ്ഡലത്തിലാണ്. 29 പേര്‍. കുറവ് ചിത്രകോട്ട്, ദന്തേവാഡ മണ്ഡലങ്ങളിലാണ്. ഏഴ് പേര്‍ വീതം. 2018ലെ തിരഞ്ഞെടുപ്പില്‍ ഈ 20 സീറ്റുകളില്‍ 17 എണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം ബിജെപിയും നേടിയിരുന്നു.
മിസോറാമിലെ 40 സീറ്റുകളിലും ഒരു ഘട്ടമായാണ് പോളിംഗ്. 174 പേര്‍ മത്സരരംഗത്തുണ്ട്. ഇവിടെ 80 വയസ്സ് കഴിഞ്ഞ 1,998 പേര്‍ വീടുകളില്‍ വച്ച് വോട്ട് രേഖപ്പെടുത്തി. 5,673 പേര്‍ പോസ്റ്റല്‍ ബാലറ്റും ഉപയോഗിച്ചു. ഏറ്റവും കൂടുതല്‍ ഹോം, പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നത് ഐസ്‌വാള്‍ ജില്ലയിലാണ്. 1,654 പേര്‍. ലങ്കലി ജില്ലയില്‍ 1,114 പേരും ലോങ്കലെയ് ജില്ലയില്‍ 1,064 പേരും ഈ സൗകര്യം വിനിയോഗിച്ചു.
മിസോറാം മുഖ്യമന്ത്രി സോറംതാംം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഐസ്‌വാള്‍ നോര്‍ത്ത്-11 മണ്ഡലത്തിലാണ് അദ്ദേഹത്തിന് വോട്ട്. ബിജെപിയുമായി മിസോറാമില്‍ ഒരു സഖ്യവുമില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എംഎന്‍ഇ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. അതില്‍ ഒരു സംശയവുമില്ല. ബിജെപി ഒരു സഖ്യകക്ഷിയല്ല. എന്‍ഡിഎ കേന്ദ്രത്തിലാണ്. ഇവിടെ ബിജെപിയുമായോ മറ്റേതെങ്കിലും കക്ഷികളുമായോ സഖ്യമില്ല. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഒരു പങ്കാളി മാത്രമാണ്. സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് നല്‍കുന്ന പിന്തുണ വിഷയാടിസ്ഥാനത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.