അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; വ്യാഴാഴ്ച്ച മുതല്‍ മഹാരാജാസ് ഗ്രൗണ്ടില്‍


അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; വ്യാഴാഴ്ച്ച മുതല്‍ മഹാരാജാസ് ഗ്രൗണ്ടില്‍


റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് വ്യാഴാഴ്ച (നവംബര്‍ 16) തുടക്കമാകും. നവംബര്‍ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പുലര്‍ച്ചെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. രജിസ്‌ട്രേഷനു ശേഷം രാവിലെ ആറു മുതല്‍ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകള്‍ നടത്തുന്നത്.

ശാരീരിക പരിശോധനയ്ക്ക് ശേഷം ശാരീരിക അളവ് പരിശോധനയും തുടര്‍ന്ന് രേഖകളുടെ പരിശോധനയും നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും.