ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്


 

ഫലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസ്




കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ റാലി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന്‍ ചെയര്‍മാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് രൂപം നല്‍കി.

പലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിം​ഗ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളതെന്നും ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിക്കുന്ന നിലപാടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇന്ത്യ ഇന്നു വരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തിൽ രാഷ്‌ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയെന്നും സുധാകരൻ വ്യക്തമാക്കി.