കൊച്ചി: യുഎസിലെ ടെക്‌സാസിലെ മലയാളി ബാലിക തെരേസാ മെല്‍വിന്റെ എന്‍എഫ്ടി ഡിജിറ്റല്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും 8 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കുള്ള എന്‍എഫ്ടി ശില്‍പ്പശാലയും കൊച്ചി പനമ്പിള്ളി നഗറിലെ കഫേ പപ്പായയില്‍. പതിനൊന്ന് ഡിജിറ്റല്‍ സ്‌ക്രീനുകളിലായി തെരേസയുടെ നൂറിലേറെ ഡിജിറ്റല്‍ കലാസൃഷ്ടികലാണ് പ്രദര്‍ശനത്തിനുണ്ടാവുക.
നവംബര്‍ 10, 11 രാവിലെ 10 മുതല്‍ വൈകീട്ട് എട്ടു വരെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ശനിയാഴ്ച രാവിലെ 11:30 മുതല്‍ 1:30 വരെയും ഉച്ചയ്ക്ക് 3 മുതല്‍ 5 വരെയുമുള്ള രണ്ട് ബാച്ചുകളിലായാണ് 8 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഡിജിറ്റല്‍ ചിത്രരചന, എന്‍എഫ്ടിയിലെ വില്‍പ്പന എന്നീ വിഷയങ്ങളില്‍ തെരേസാ മെല്‍വിന്‍ ശില്‍പ്പശാല നടത്തുക. പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകള്‍ പരിമിതമായതുകൊണ്ട് വെള്ളിയാഴ്ച കഫേ പപ്പായയില്‍ നടക്കുന്ന സ്‌പോട് രജിസ്‌ട്രേഷനിലൂടെയേ കുട്ടികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കഴിയൂ.
Also read: നന്നായി ഉറങ്ങിയും ശമ്പളം വാങ്ങാം; ലക്ഷങ്ങള്‍ സമ്പാദിക്കാൻ ചില വിചിത്ര ജോലികൾ
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്ന് ചിത്രകല അഭ്യസിച്ച പാലക്കാട് സ്വദേശി മെല്‍വിന്റേയും കൊച്ചി ഏലൂര്‍ സ്വദേശിനി നിമ്മിയുടേയും മകളാണ് 14 കാരിയായ തെരേസ.കഴിഞ്ഞ ആറു വര്‍ഷമായി യുഎസിലെ ടെക്‌സാസിൽ.ടെക്‌സാസില്‍ ഐടി രംഗത്താണ് മെല്‍വിന്‍ ജോലി ചെയ്യുന്നത്.
ഇതുവരെ തെരേസയുടെ ആയിരത്തിലേറെ കലാസൃഷ്ടികളാണ് എന്‍എഫ്ടിയിലൂടെ വിറ്റുപോയിട്ടുള്ളത്. ആംസ്റ്റര്‍ഡാമില്‍ നടന്ന മെറ്റ്ആംസ് വെബ്3 ഇവന്റില്‍ ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും തെരേസ നേടിയിട്ടുണ്ട്. അഡോബ് എന്‍എഫ്ടി, എന്‍എഫ്ടി എന്‍വൈസി, ലണ്ടന്‍, മയാമി, സാന്‍ഡിയാഗോ തുടങ്ങിയ വേദികളിലും തെരേസ പ്രസംഗിച്ചിട്ടുണ്ട്. ഏവ, റാമോണ എന്നീ കഥാപാത്രങ്ങളുടെ സ്രഷ്ടാവുകൂടിയാണ് തെരേസ. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡിലും തെരേസയുടെ ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.