ആറളത്തെ മാവോയിസ്റ്റ് ആക്രമണത്തിൽ പരിശോധനയുമായി കർണാടക ആന്റി നക്സൽ സേന
കണ്ണൂർ: ആറളത്തെ മാവോയിസ്റ്റ് ആക്രമണത്തിൽ പരിശോധനയുമായി കർണാടക ആന്റി നക്സൽ സേന. കേരള - കർണാടക വനാതിർത്തികളിലാണ് സംഘം പരിശോധന നടത്തുന്നത്. കേരള വന മേഖലയിൽ തണ്ടർ ബോള്‍ട്ടും പ്രത്യേക അന്വേഷണ സംഘവും നടത്തുന്ന പരിശോധനയും തുടരുകയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ണൂർ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലുമായി 13 തവണയാണ് മാവോയിസ്റ്റ് സംഘം എത്തിയത്. എന്നാൽ ഇതിനിടെ ആക്രമണങ്ങൾ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വനം വാച്ചർമാർക്ക് നേരെ വെടിയുതിർത്തതോടെ പരിശോധന കൂടുതൽ ശക്തമാക്കുകയാണ്.
വാച്ചർമാർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്ത ചാവിച്ചി വന മേഖലയിലും ആറളത്തെ ഏറ്റവും ഉയർന്ന അമ്പലപ്പാറ വന മേഖലയിലുമാണ് തണ്ടർബോൾട്ടും പോലീസിന്റെ പ്രത്യേക സംഘവും പരിശോധന നടത്തുന്നത്. അക്രമം നടത്തിയ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങളും ഭയത്തിലാണ്.