ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയിൽ വീണ്ടും ജൂതവിരുദ്ധ വികാരം (Anti-Semitism) ശക്തമാകുന്നതായി റിപ്പോർട്ടുകൾ. യഹൂദന്മാർക്കെതിരെ ഇത്രയും രൂക്ഷമായ വിദ്വേഷ പ്രകടനങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് 25 വർഷമായി ബെർലിനിലെ റാലികളിൽ കാണുന്ന യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന ചരിത്രകാരനായ ലെവി സലോമൻ പറയുന്നു. ”രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏതാണ്ട് 80 വർഷങ്ങൾക്ക് ശേഷം ജർമനിയിൽ വീണ്ടും യഹൂദ വിരുദ്ധ വികാരം ശക്തമാകുകയാണ്. ഒക്‌ടോബർ 7 ലെ ആക്രമണമാണ് അതിനു വിത്തു പാകിയത്”, സലോമൻ പറഞ്ഞു. ഒക്‌ടോബർ 7 നു ശേഷം ജർമനിയിൽ പലസ്‌തീൻ അനുകൂല സമ്മേളനങ്ങളും പ്രകടനങ്ങളും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1991-ൽ റഷ്യയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ ആളാണ് സലോമൻ. 1997ൽ അദ്ദേഹം ബെർലിനിലെ ജൂതവിരുദ്ധതയെക്കുറിച്ച് വിവരങ്ങൾ സമാഹരിക്കാൻ തുടങ്ങി. 2008-ൽ അദ്ദേഹം തന്റെ ഗവേഷണം പ്രസിദ്ധീകരിക്കുകയും ഒരു അസോസിയേഷൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അറബ് ജനസംഖ്യ കൂടുതലുള്ള ബെർലിനിലെ ഒരു ജില്ലയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് ചിലർ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണം ആഘോഷിച്ചത്. “പലസ്തീൻ സ്വതന്ത്രമാകും” എന്ന് ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെയും ഇവിടെ കാണാനാകും. ഇസ്രായേലിനെ തകർക്കാനുള്ള ആഹ്വാനവും ചിലർ മുന്നോട്ടു വെയ്ക്കുന്നു. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ എസെനിൽ അടുത്തിടെ നടന്ന ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിൽ “ഖിലാഫത്ത് ആണ് പരിഹാരം” എന്ന രീതിയിലുള്ള ഇസ്ലാമിക മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. മുൻപൊരിക്കലും ജർമനിയിൽ താൻ ഇത്തരം മുദ്രാവാക്യങ്ങൾ കണ്ടിട്ടില്ലെന്നും സലോമൻ പറഞ്ഞു.