സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും ദില്ലി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലായിരുന്നു അന്ത്യം. അശോക് വിഹാറിലെ വസതിയില്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്ന ലീല ഓംചേരിയുടെ ആരോഗ്യനില ഇന്നലെ.
വൈകുന്നേരത്തോടെ വഷളാകുകയായിരുന്നു.

സെന്‍റ് സ്റ്റിഫന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല, എസ് ഡി ഓംചേരി എന്നിവര്‍ മക്കളാണ്. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീല ഓംചേരി.

തിരുവതാംകൂറിലെ തിരുവട്ടാറില്‍ നിന്ന് സംഗീത പാരമ്പര്യവുമായി ദില്ലിയിലെത്തി കേരളീയകലകളുടെ കാവലാളായി മാറിയ പ്രതിഭയായിരുന്നു ലീല ഓംചേരി. 2009ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ലീല ഓംചേരി കേരളീയ കലകളെ കുറിച്ചുള്ള നിരവധി പുസ്കകങ്ങളുടെയും രചയിതാവാണ്. ദില്ലിയിലെ കലാസാഹിത്യ രംഗത്ത് അവസാന കാലം വരെയും ലീല ഓംചേരി സജീവമായിരുന്നു.

ദില്ലിയിലെ ഒരു സാംസ്കാരിക മേല്‍വിലാസമാണ് അശോക് വിഹാറിലെ ഓംചേരിയുടെ വസതി. എപ്പോഴും കേരളീയ കലകളും സംഗീതവും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷം. അവസാനകാലം വരെ മലയാളമെന്ന മഹാപാരമ്പര്യത്തിന്‍റെ ദേശീയ തലത്തിലെ അംബാസിഡറായി അവസാന കാലം വരെ ലീല ഓംചേരി സജീവമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു മുതലുള്ള എല്ലാ രാഷ്ട്ര നേതാക്കള്‍ക്ക് മുന്നിലും കേരളീയ കലകള്‍ക്ക് പ്രോത്സാഹനം തേടി ലീല ഓംചേരി നിരന്തരമെത്തി