.
ന്യൂഡൽഹി: അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ കണ്ടെത്തി. ഏറെ നേരം നീണ്ട് നിന്ന തിരച്ചിലിന് ഒടുവില്‍ ഹെലികോപ്റ്റർ കണ്ടെത്തിയെങ്കിലും സ്ഥിതിഗതികൾ അത്ര നല്ലതല്ലെന്നാണ് ഇറാൻ റെഡ് ക്രസൻ്റ് മേധാവി അറിയിക്കുന്നത്. പ്രസിഡൻ്റ് റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്നലെയായിരുന്നു അപകടത്തില്‍പ്പെട്ടത്.
"ഹെലികോപ്റ്റർ കണ്ടെത്തി. ഇപ്പോൾ, ഞങ്ങൾ ഹെലികോപ്റ്ററിലേക്ക് നീങ്ങുകയാണ്. എന്നിരുന്നാലും സാഹചര്യം അത്ര നല്ലതല്ല" " റെഡ് ക്രസൻ്റ് മേധാവി പിർഹോസിൻ കൂലിവാന്ദിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. ജീവനോടെ ആരും അവശേഷിക്കാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പ്രസിഡന്റിന്റെ കാര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.
അസൈർബൈജാന്‍ അതിർത്തിയില്‍ പണിത ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇറാൻ നഗരമായ തബ്രിസിലേക്ക് പുറപ്പെട്ട് ഏകദേശം 30 മിനിറ്റിനുള്ളില്‍ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അസർബൈജാനി പ്രസിഡൻ്റ് ഇൽഹാം അലിക്കൊപ്പമായിരുന്നു റെയ്സി അണക്കെട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മോശം കാലാവസ്ഥയാണ് ഹെലികോപ്ടർ അപകടത്തില്‍പ്പെടാനുള്ള കാരണമായി വിലയിരുത്തുന്നത്.
ദുർഘടമായ മലമ്പ്രദേശവും മേഖലയിലെ കനത്ത മൂടൽമഞ്ഞും മഴയുമുള്ള കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു. രക്ഷാദൗത്യത്തിന് ഇറാന് സഹായവവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിട്ടുമുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ഇരുരാജ്യങ്ങളും പ്രത്യേക സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 47 പേരടങ്ങുന്ന സംഘത്തേയും ഒരു ഹെലികോപ്റ്ററുമാണ് റഷ്യ അയച്ചതെന്നാണ് വിവരം. തുർക്കിയ അയച്ച നിരീക്ഷണ ഡ്രോൺ മേഖലയിൽ ചൂട് കൂടിയ ഒരു സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഹെലികോപ്ടർ അപകടത്തെ തുടർന്നുള്ള ചൂടാണ് ഇതെന്നാണ് കരുതുന്നത്.
ആയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രന്‍ എന്ന് അറിയപ്പെടുന്ന റെയ്സി 2021 ലാണ് ഇറാന്റെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് റഷ്യക്ക് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതിലൂടെ യൂറോപ്പിനെ അദ്ദേഹം കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.