പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനാസിയസ് യോഹാന് (കെ. പി. യോഹന്നാൻ) അപകടത്തിൽ ഗുരുതര പരുക്ക്. അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയയ്‌ക്കായി ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ഇന്നലെ രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
ഏഷ്യയെയും പ്രത്യേകിച്ച് ഇന്ത്യയെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ലാഭരഹിത മതസംഘടനയായ ഗോസ്പൽ ഫോർ ഏഷ്യയുടെ സ്ഥാപകനും പ്രസിഡന്റുമാണ് മൊറാൻ മോർ അത്തനാസിയസ് യോഹാൻ എന്ന കെ.പി.യോഹന്നാൻ. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് അദ്ദേഹം.