രാജ്യസഭാ സീറ്റില്‍ അവകാശവാദവുമായി ലീഗും ജോസഫ് ഗ്രൂപ്പും ; പൊട്ടിത്തെറി യു.ഡി.എഫിലും

രാജ്യസഭാ സീറ്റില്‍ അവകാശവാദവുമായി ലീഗും ജോസഫ് ഗ്രൂപ്പും ; പൊട്ടിത്തെറി യു.ഡി.എഫിലും


കൊച്ചി : ഇടതുമുന്നണിയിലേതിനു സമാനമായി രാജ്യസഭാ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു. ഒഴിവുവരുന്ന സീറ്റുകളിലൊന്നില്‍ യു.ഡി.എഫിനു ജയിക്കാന്‍ അവസരമുണ്ട്. ഇതില്‍ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാത്രമല്ല കോണ്‍ഗ്രസും കണ്ണുവച്ചതാണ് വിഷയം കീറാമുട്ടിയാകുന്നതിലേക്കു നയിച്ചത്.

സീറ്റ് മുസ്ലിം ലീഗിനു നല്‍കാനാണു യു.ഡി.എഫില്‍ തത്വത്തില്‍ ധാരണ. സീറ്റില്‍ താല്‍പര്യമുണ്ടെന്നു കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം രഹസ്യമായി ആവശ്യപ്പെടുന്നുമുണ്ട്. ലീഗിനു രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ലോക്‌സഭയിലേക്കു ലീഗ് മത്സരിച്ച രണ്ടു സീറ്റിലും നല്ല വിജയസാധ്യതയുണ്ടെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. എന്നാല്‍, പല സീറ്റുകളിലും സിറ്റിങ് എം.പിമാര്‍ക്ക് എതിരായ വികാരം തിരിച്ചടിയാകുമെന്ന സംശയം കോണ്‍ഗ്രസിനുണ്ട്.

ഇൗ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍നിന്നു തന്നെ രാജ്യസഭാ എം.പി. വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ അടുത്ത തവണ കൂടി സംസ്ഥാന ഭരണം ലഭിച്ചില്ലെങ്കില്‍ ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന പ്രചാരണം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടുവര്‍ഷം മാത്രം ബാക്കി നില്‍ക്കേ ഒരു രാജ്യസഭാ സീറ്റില്‍ പരീക്ഷണം നടത്തേണ്ടതുണ്ടോ എന്നതാണു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സംശയം.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോട്ടയം സീറ്റില്‍ തിരിച്ചടിയുണ്ടായാല്‍ അതു കോണ്‍ഗ്രസ് പാലം വലിച്ചതിനേ തുടര്‍ന്നാണെന്നു പ്രചരിപ്പിച്ചു പരിഹാരമായി രാജ്യസഭാ സീറ്റ് ചോദിക്കാനാണു ജോസഫ് വിഭാഗം ആലോചിക്കുന്നത്. ഇതു മുളയിലെ നുള്ളാനാണു കോണ്‍ഗ്രസ് തയാറെടുക്കുന്നത്.

ഒഴിവുവന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫിലും നേരത്തെ തര്‍ക്കം ഉടലെടുത്തിരുന്നു. സി.പി.ഐയും കേരളാ കോണ്‍ഗ്ര(എം)സും അവകാശ വാദം ഉന്നയിച്ചതോടെയാണു തര്‍ക്കം ഉടലെടുത്തത്. സമാനസാഹചര്യമാണ് യു.ഡി.എഫിനെയും പിടികൂടിയിരിക്കുന്നത്.