കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ തൃശൂര്‍, വലപ്പാട് സ്വദേശി സബിത്ത് നാസറി(30)നെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ചോദ്യംചെയ്യും. വിശദാംശങ്ങള്‍ ഡല്‍ഹിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് അറിയിച്ചശേഷം തുടരന്വേഷണം നിര്‍ദേശിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
സബിത്ത് ഉള്‍പ്പെട്ട രാജ്യാന്തര അവയവ റാക്കറ്റിന്റെ ഇന്ത്യയിലെ കേന്ദ്രം ഹൈദരാബാദാണ്. രാജ്യാന്തരബന്ധമുള്ള കേസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറുകയാണു വേണ്ടതെന്നു പോലീസ് അന്വേഷണസംഘം ഡി.ജി.പിക്കു റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുന്നതോടെ കേസ് എന്‍.ഐ.എ. ഏറ്റെടുക്കാന്‍ സാധ്യതയേറി.
സബിത്തിന്റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന വിനോദ്, മധു എന്നിവരില്‍ മധു ഇറാനിലുണ്ടെന്നാണു സൂചന. വിനോദാണു പ്രധാനകണ്ണി. കേസ് എന്‍.ഐ.എ. ഏറ്റെടുത്താല്‍ ഇന്റര്‍പോള്‍ സഹായത്തോടെ പ്രതികളെപ്പറ്റി വിവരം ശേഖരിക്കാന്‍ കഴിയും.
അങ്കമാലി കോടതി റിമാന്‍ഡ് ചെയ്ത സബിത്ത് നാസറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. പോലീസ് കസ്റ്റഡിയില്‍ ഇയാഴ്ചതന്നെ എന്‍.ഐ.എയും ചോദ്യംചെയ്യുമെന്നാണു സൂചന. അവയവക്കച്ചവടശൃംഖലയില്‍ ഇന്ത്യയിലെ പല ഏജന്റുമാരില്‍ ഒരാള്‍ മാത്രമാണു സബിത്തെന്നു പോലീസ് പറയുന്നു. ശ്രീലങ്കന്‍, ബംഗ്ലാദേശ് അഭയാര്‍ഥികള്‍ ഉള്‍പ്പെടെ അവയവക്കച്ചവടത്തിന് ഇരയായി.
ഇരകളില്‍ 20 പേരുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഒരാള്‍ പാലക്കാട് സ്വദേശിയും മറ്റുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. സബിത്ത് നാസറിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇന്നലെ ഉച്ചയോടെയാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.