സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; മരിച്ചത് ഇടുക്കി സ്വദേശി




തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ‌ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്‌ക്കലുമായി ബന്ധപ്പെട്ടാണ് കോഴിക്കോടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ബാധിച്ചത് വെസ്റ്റ് നൈൽ പനി എന്ന് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഇടയ്‌ക്ക് വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച പതിമൂന്ന്കാരിക്ക് ആരോഗ്യ വകുപ്പ് വെസ്റ്റ് നൈൽ ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.