10 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയിൽ ഒരു ഭീതിദമായ സംഭവം നടന്നു. നീന്താൻ വേണ്ടി കൂട്ടുകാർക്കൊപ്പം കടലിലിറങ്ങിയ സ്ത്രീയെ സ്രാവ് ജീവനോടെ വിഴുങ്ങി. ഓസ്ട്രേലിയയിലെ തത്ര വാർഫിനടുത്ത് വച്ചാണ് ക്രിസ്റ്റീൻ ആംസ്ട്രോങ് എന്ന 63 -കാരിയെ സ്രാവ് വിഴുങ്ങിയതത്രെ. എന്നാൽ, ഒരാളുപോലും ഇത് കാണുകയോ അറിയുകയോ ചെയ്തില്ല.
സുഹൃത്തുക്കൾക്കൊപ്പമാണ് ക്രിസ്റ്റീൻ കടലിൽ ഇറങ്ങിയത്. എന്നാൽ, തിരികെ തീരത്ത് എത്തിയപ്പോൾ മാത്രമാണ് കൂടെ ക്രിസ്റ്റീൻ ഇല്ലെന്ന കാര്യം കൂട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. പിറ്റേ ദിവസം അവളുടെ കണ്ണട പോലുള്ള സാധനങ്ങൾ കരയിൽ കണ്ടപ്പോഴാണ് അവളെ സ്രാവ് വിഴുങ്ങിയിരിക്കാം എന്ന തങ്ങളുടെ ഭയം സത്യമായിത്തീർന്നു എന്ന് കൂട്ടുകാർ ഉറപ്പിച്ചത്. നീന്തുന്നതിനിടയിൽ സ്രാവിന്റെ അക്രമത്തിന് ഇരയായ ക്രിസ്റ്റീന് ഒന്ന് കരയാൻ പോലും അവസരം കിട്ടിക്കാണില്ല എന്നാണ് കൂട്ടുകാർ പറയുന്നത്.
ഉപരിതലത്തിന് മുകളിലുള്ള പക്ഷികളുടെ കൂട്ടമാണ് വെള്ളത്തിൽ സ്രാവ് ഉണ്ടായിരിക്കാം എന്ന് വിശ്വസിക്കാൻ കാരണമായിത്തീർന്നത്. ആ സമയത്ത് സ്രാവിന്റെ ചെറിയൊരു ഭാഗം ശ്രദ്ധയിൽ പെട്ടുവെന്നും കൂട്ടുകാർ പറയുന്നു. എന്നാൽ, അപ്പോഴെല്ലാം കൂട്ടുകാർ കരുതിയിരുന്നത് ക്രിസ്റ്റീൻ തീരത്തേക്ക് നേരത്തെ മടങ്ങിപ്പോയി എന്നാണ്.
കരയിലെത്തിയ കൂട്ടുകാർ സ്രാവിന്റെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ആശ്വാസത്തോടെ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, അപ്പോഴൊന്നും ക്രിസ്റ്റീൻ തങ്ങളുടെ കൂടെയില്ല എന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അക്കാര്യം മനസിലായപ്പോൾ ഏറെനേരം അവൾക്ക് വേണ്ടി കൂട്ടുകാർ തിരച്ചിൽ നടത്തി. പക്ഷേ, അവളെ കണ്ടെത്താനായില്ല.
ആ സമയത്താണ് ക്രിസ്റ്റീനെ സ്രാവ് അക്രമിച്ചിട്ടുണ്ടാകാം എന്ന പേടി കൂട്ടുകാരിൽ ഉടലെടുക്കുന്നത്. പിറ്റേന്ന് കരയിൽ നിന്നും കിട്ടിയ അവളുടെ തൊപ്പിയിലടക്കം മനുഷ്യരുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതോടെയാണ് തങ്ങളുടെ പേടി സത്യമായിത്തീർന്നു എന്ന് അവർക്ക് മനസിലായത്.