കോഴിക്കോട്: മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍. താങ്ങാനാവാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന്റെ ഓട്ടയടയ്ക്കാന്‍ അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍.
സര്‍ക്കാര്‍ മേഖലയിലെ പോളി, വിഎച്ച്എസ് സി ടെക്നിക്കല്‍ കോഴ്സ് സീറ്റുകളുടെ എണ്ണത്തിന്റെ കൂടെ ഉയര്‍ന്ന ഫീസ് കൊടുത്തു പഠിക്കേണ്ട അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടിപറഞ്ഞാണ് മലബാറിലെ പ്ലസ് വണ്‍ ക്ഷാമക്കണക്കുകള്‍ക്ക് സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കാറുള്ളത്. കോഴിക്കോടും കാസര്‍കോടും കണ്ണൂരിലും പകുതിയിലധികം അണ്‍ എയ്ഡഡ് സീറ്റുകളിലും കുട്ടികള്‍ ചേര്‍ന്നില്ല. കടുത്ത സീറ്റ് പ്രതിസന്ധിയുണ്ടെങ്കിലും ഉയര്‍ന്ന ഫീസാണ് കുട്ടികള്‍ ഈ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്.
തെക്കന്‍ മധ്യ ജില്ലകളിലും അണ്‍എയ്ഡഡ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും അവിടങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ പഠിക്കാന്‍ ആവശ്യത്തിന് സീറ്റുകളുണ്ട്. പത്താം തരം വരം സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിനായി അണ്‍ എയ്ഡഡഡ് സ്ഥാപനങ്ങളിലേക്ക് പോവുന്ന പ്രവണതയില്ല. ഉയര്‍ന്ന ഫീസിനൊപ്പം ഇതും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന് കാരണമാണ്.
അതേസമയം, മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ വിശദീകരണം. ചിലരുടെ മനസിലുള്ളതാണ് ബാച്ച് വർദ്ധിപ്പിക്കണം എന്നതെന്ന് പറഞ്ഞ മന്ത്രി ബാച്ച് വർധിപ്പിക്കൽ സാധ്യമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ക്ലാസിൽ കൂടുതൽ കുട്ടികൾ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.