തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18 ശതമാനം ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും അസോസിയേഷനുകള്‍ പിന്മാറിയത്.
119 സ്വകാര്യ കോളജുകളില്‍ 82 കോളജുകള്‍ രണ്ട് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ട് അപേക്ഷാ ഫോമുകള്‍ക്ക് 2000 രൂപ ഫീസ് നല്‍കിയിരുന്ന സ്ഥാനത്ത് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പ്രവേശന പരീക്ഷ വേണമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും മാനേജ്‌മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചോദിച്ചു. അസോസിയേഷനില്‍ അംഗമല്ലാത്ത കോളജുകളെ കൂടി ഉള്‍പ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണമെന്നും അഫിലിയേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹമായ ഇടപെടലുകള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.