മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നിർദ്ദേശം നൽകി. എൻഡിആർഎഫിന്‍റെ രണ്ടു ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രളയ സാധ്യതാ പ്രവചനമില്ല. മെയ് 22 വരെയാണ് മഴ പ്രവചനം. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണത്തിന് നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. മെയ് 23 വരെ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ മെയ് 22 വരെ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
അതിനിടെ മാലിദ്വീപ്, കൊമോറിയൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 31ഓടെ കാലവർഷം കേരളത്തിൽ എത്തിയേക്കും.