ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിന്.
ഇറാന്റെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 131 പറയുന്നതിനുസരിച്ച് പ്രസിഡന്റിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാന്റെ പരമോന്നത നേതാവിന്റെ അനുമതിയോടെ താത്കാലിക ചുമതല ഏറ്റെടുക്കേണ്ടത് വൈസ് പ്രസിഡന്റാണ്. ഭരണഘടനയിലെ 130, 131 വകുപ്പുകളിലാണ് പ്രസിഡന്റ് മരിച്ചാല്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കുന്നത്.
അടുത്ത 50 ദിവസത്തിനുള്ളില്‍ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റും, പാര്‍ലമെന്റ് സ്പീക്കറും അടക്കമുള്ള കൗണ്‍സിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത് വരെ വൈസ് പ്രസിഡന്റാണ് രാജ്യത്തെ നയിക്കുക. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുമായി അടുത്ത ബന്ധമുള്ളയാളാണ് നിലവിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബര്‍.