പ്രകൃതി ദുരന്ത മുന്നറിയിപ്പ് മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കണം; താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി
ഇരിട്ടി: കാലവർഷം തുടങ്ങാനിരിക്കെ മുന്നറിയിപ്പ് തരുന്ന പ്രകൃതി ദുരന്തമുണ്ടാകാനിടയുള്ള മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ് താലൂക്ക് ദുരന്ത നിവാരണ അതോരിറ്റി യോഗത്തിൽ തീരുമാനിച്ചു. ഇരിട്ടി താലൂക്കിൽ നടന്ന കാലവർഷ മുന്നൊരുക്ക് അവലോകന യോഗത്തിൽ തഹസിൽദാർ ലാലിമോൾ അധ്യക്ഷത വഹിച്ചു. മഴയ്ക്ക് മുൻമ്പ് ഓടകൾ വ്യത്തിയാക്കുകയും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കാനും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം. മുൻകാലങ്ങളിൽ അപകടങ്ങളും ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടായ മലയോര പഞ്ചായത്തുകളിൽ പ്രത്യേക നിരീക്ഷണം നടത്തണം. വിവരങ്ങൾ യഥാ സമയം താലൂക്ക് ആസ്ഥാനത്ത് അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ലാൻഡ് അക്വസിഷൻ തഹസിൽദാർ എം. ലക്ഷ്മണൻ, മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ, പോലീസ്, അഗ്നി രക്ഷാ സേന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.