മണ്ണിടിച്ചലും മരം വീഴ്ചയും മൂലം അപകടപാതയായി മാക്കൂട്ടം ചുരം പാത
വെളളിയാഴ്ച്ച റോഡിലേക്ക് വീണത് മൂന്ന് മരങ്ങൾ
ഇരിട്ടി: ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നു പോകുന്ന കേരളാ - കർണ്ണാടക അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡിലൂടെയുള്ള യാത്ര ഏറെ ഭീതിജനകമാകുന്നു. ഇടക്കിടെയുണ്ടാകുന്ന മരം വീഴ്ചയും മണ്ണിടിച്ചിലും മൂലം ഗതാഗതം തടസ്സപ്പെടുന്നത് നിത്യ സംഭവമായി. വാഹനങ്ങളും വാഹനയാത്രികരും പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്.
വെളിയാഴ്ച ഈ പാതയിൽ മൂന്നിടത്താണ് കൂറ്റൻ മരങ്ങൾ റോഡിലേക്ക് മറിഞ്ഞു വീണത്. വ്യാഴാഴ്ച്ച രണ്ടിടത്ത് വീണപ്പോൾ വർഷകാലം തുടങ്ങി ഒരു മാസത്തിനിടയിൽ 20തോളം കൂറ്റൻ മരങ്ങളാണ് റോഡിലേക്ക് വീണത്. മരം വീഴുന്നതിനിടെ ഇതുവഴി കടന്നുപോയ യാത്ര വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴ്യ്ക്കാണ്.
വെള്ളിയാഴ്ച്ച സെക്കന്റുകളുടെ വ്യത്യാസത്തിലാണ് നിറയെ യാത്രക്കാരുമായി എത്തിയ കാർ മാക്കൂട്ടം ചെക്ക് പോസ്റ്റിന് സമീപം കൂറ്റൻ മരം റോഡിലേക്ക് പതിക്കുന്നതിനിടെ കടന്നുപോയത്. റോഡിന് കുറുകേ മരം വീണതോടെ രണ്ട് മണിക്കുറോളം ഗതാഗതം മുടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരങ്ങൾകൂടി ചുരം പാതയിൽ മറിഞ്ഞു വീണു. ഇതുമൂലം മണിക്കൂറുകളാണ് ഗതാഗത സ്തംഭനമുണ്ടായത്. ഇനിയും നിരവധി കൂറ്റൻ മരങ്ങളാണ് അപകട ഭീഷണി മുഴക്കി 16 കിലോമീറ്ററോളം വരുന്ന ഈ സംരക്ഷിത കാനന പാതയുടെ ഇരു വശങ്ങളിലും മണ്ണിളകിയും വേരിളകിയും ഏത് നേരവും മറിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്നത്. ഇതിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും റോഡിലൂടെയുള്ള യാത്ര ഭീതിജനകമാക്കുകയാണ്.
കർണ്ണാടകത്തിന്റെ അധീനതയിലുള്ള പാതയാണെങ്കിലും ഇതിൽ എവിടെയെങ്കിലും അപകടമുണ്ടായാൽ ഇവിടേയ്ക്ക് രക്ഷാ പ്രവർത്തനത്തിനെത്തുന്നത് ഇരിട്ടി അഗ്നിശമന സേനയാണ്. മാക്കൂട്ടം കഴിഞ്ഞാൽ പതയിൽ എവിടെയും വൈദ്യുതി ഇല്ല. മൊബൈൽ കണക്ഷനും ലഭ്യമല്ല. രാത്രിയിലുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവർ അപകടത്തെക്കുറിച്ച് വിവരം പുറത്തെത്തിക്കുക എന്നത് ഏറെ ദുഷ്കരമാണ്. പലപ്പോഴും ഇതുവഴി വരുന്ന വാഹനയാത്രക്കാരാണ് ഇത്തരം അപകട വിവരങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് അധികൃതരെയും അഗ്നിശമനസേനയെയും അറിയിക്കുന്നത്. അപകടത്തിൽ പെടുന്നവർ കൂരിരുട്ടിൽ മണിക്കൂറുകളോളം കഴിയേണ്ടി വരുന്ന അവസ്ഥയാണ് എപ്പോഴും ഉണ്ടാകുന്നത്.
2018 ലെ പ്രളയകാലത്ത് ചുരം പാതയിൽ 100ഓളം ഇടങ്ങളിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. കൂടാതെ പെരുമ്പാടിയിൽ റോഡ് രണ്ടായി പിളർന്ന സംഭവവും മക്കൂട്ടത്തെ ചെറിയ പാലം വൻ മരങ്ങളും കല്ലും മണ്ണും മറ്റും വന്നടിഞ്ഞ് വെള്ളം കരകവിഞ്ഞൊഴുകി അപകടാവസ്ഥയിലാവുകയും ചെയ്തു. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി മാസങ്ങൾക്കു ശേഷമാണ് അന്ന് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റി വീതി കുറഞ്ഞ ഭാഗങ്ങൾ വീതി കൂട്ടി പാത അപകട രഹിതമാക്കണമെന്ന ആവശ്യം പലകോണിൽ നിന്നും ഉയരുന്നുണ്ടെങ്കിലും കർണാടകത്തിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല.