കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലിന്റെ തുടക്കം മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്ത്. വനത്തോട് ചേർന്ന പ്രദേശത്ത് തിങ്കൾ രാത്രി പന്ത്രണ്ടരയോടെയാണ് ആദ്യ ഉരുൾപൊട്ടിയത്. പുലർച്ചെ നാലിനുണ്ടായ രണ്ടാം ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം ഏതെന്ന് ഇപ്പോഴും അവ്യക്തം. ആദ്യ ഉരുൾപൊട്ടൽ മുണ്ടക്കൈയെയും രണ്ടാമത്തേത് ചൂരൽമലയെയും കശക്കിയെറിഞ്ഞു
ചൂരൽമല (കൽപ്പറ്റ)
തിങ്കൾ ഉച്ച മുതൽ മുണ്ടക്കൈയിൽ ശക്തമായ മഴയായിരുന്നെന്ന് ഹാരിസൺ മലയാളം എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ അരുൺ പറഞ്ഞു. ഇവിടെ ഉത്ഭവിക്കുന്ന പുഴയിൽ തിങ്കൾ രാവിലെ കലക്കവെള്ളം നിറഞ്ഞു. ഉരുൾപൊട്ടലാണെന്ന അഭ്യൂഹം പരന്നെങ്കിലും പരിശോധനയിൽ കാര്യമായൊന്നും കണ്ടില്ല. മഴ ശക്തമായതോടെ വൈകിട്ട് പത്ത് കുടുംബം മുണ്ടക്കൈയിൽനിന്നും മാറി താമസിച്ചു. മൂന്ന് കുടുംബം മുണ്ടക്കൈയിലെ തന്നെ മറ്റൊരു വീട്ടിലേക്കും മാറി. മുന്നൂറോളം പേർ എസ്റ്റേറ്റ് ലയങ്ങളിലുൾപ്പെടെ തങ്ങി.
രാത്രി പന്ത്രണ്ടരയോടെ പുഞ്ചിരിമട്ടത്ത് വൻ ശബ്ദത്തോടെ ആദ്യ ഉരുൾപൊട്ടി. ‘പുറത്തിറങ്ങിയപ്പോഴാണ് ഭീകരത വ്യക്തമായത്. ഉടൻ കിട്ടിയ വാഹനങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ അൽപം കൂടി സുരക്ഷിതമെന്ന് തോന്നിയ സ്ഥലങ്ങളിലേക്ക് മാറ്റി. എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിലേക്കും ഒരു റിസോർട്ടിലേക്കുമാണ് മാറ്റിയത്. സുരക്ഷിതമെന്ന് കരുതി മൂന്ന് കുടുംബം മാറി താമസിച്ച വീടടക്കം ഒലിച്ചുപോയി. നാൽപ്പതോളം പേരെക്കുറിച്ച് വിവരങ്ങളൊന്നുമില്ല’–- - അരുൺ പറഞ്ഞു.
ചൂരൽമലയിലെ തകർന്ന വീട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ആളുകളുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ അവശിഷ്ടം മാറ്റുന്നു
സ്വപ്നത്തിൽപ്പോലുമില്ലാത്ത ദുരന്തം ഉറക്കത്തിൽ
തിങ്കളാഴ്ച മഴ ശക്തമായിരുന്നെങ്കിലും ഉരുൾ പൊട്ടലിന്റെ വിദൂര സാധ്യതപോലും ആരുടെയും ചിന്തയിലുണ്ടായിരുന്നില്ല. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കൾ പുലർച്ചെ ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു.
പുഴയിൽ വെള്ളം ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു. മഴക്കാലത്ത് മുണ്ടക്കൈയിൽ ചെറിയ മണ്ണിടിച്ചിൽ ഉണ്ടാകാറുണ്ട്. തിങ്കളാഴ്ചത്തേതും അതുപോലൊന്ന് എന്ന് മാത്രമാണ് പലരും കരുതിയത്. എങ്കിലും പുഞ്ചിരിമട്ടത്തുനിന്ന് കുടുംബങ്ങൾ മാറിയിരുന്നു. നാല് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയുംചെയ്തു.
മുണ്ടക്കൈയിലെ മണ്ണിടിച്ചിലിൽ ചൂരൽമല പുഴയിലും ജലനിരപ്പ് ഉയരാറുണ്ട്. അപ്പോഴും കരകവിഞ്ഞ അനുഭവമില്ല. മുണ്ടക്കൈയും ചൂരൽമൂലയും തോട്ടം മേഖലയാണ്. തിങ്കളാഴ്ച രാത്രിയും ഭയമൊന്നുമില്ലാതെയാണ് നാട് ഉറക്കത്തിലേക്ക് വീണത്. മരങ്ങളും പാറകളും ചൂരൽമല ടൗണിലേക്ക് കുതിച്ചെത്തിയപ്പോൾ വീടുകൾ അഗാധമായ ഉറക്കത്തിലായിരുന്നു.
വീടുകൾക്കുള്ളിലേക്ക് വെള്ളമെത്തിയതോടെയാണ് പലരും ഉറക്കമുണർന്നത്. പിന്നെ രക്ഷപ്പെടാനുള്ള ശ്രമങ്ങളായി. മക്കളെയും പ്രായമായവരെയുമെല്ലാം വാരിയെടുത്ത് ഇറങ്ങിയോടി. വൈദ്യുതി ബന്ധം നിലച്ചതിനാൽ ഇരുട്ടിലൂടെ ജീവനായുള്ള നെട്ടോട്ടം. പലരും വഴിയിൽ വീണു. ആദ്യ ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടവർ സമീപത്തെ വീടുകളിലേക്ക് മാറി. രക്ഷാപ്രവർത്തനവും ആരംഭിച്ചു. എന്നാൽ രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഈ വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. ഇതിലാണ് കൂടുതൽപേർ അകപ്പെട്ടത്. കൂടുതൽ വീടുകളും.
രക്ഷാസേന 600 +
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിലുള്ളത് സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും അഗ്നിരക്ഷാ സേനയും ഉൾപ്പെടുന്ന അറുന്നൂറ് പേരുള്ള സംഘം. 60 പേരുള്ള എൻഡിഎആർഎഫ് സംഘം തിങ്കളാഴ്ച രാത്രി തന്നെ ദുരന്തഭൂമിയിൽ എത്തിയിരുന്നു. പിന്നീട് ബംഗളുരുവിൽനിന്നുള്ള സംഘത്തെയും എത്തിച്ചു. കരസേനയുടെ വിവിധ യൂണിറ്റുകളിൽ നിന്ന് സേനയെത്തി. പ്രതിരോധ സുരക്ഷാ സേനാവിഭാഗത്തിൽനിന്ന് 64 പേരാണ് ആദ്യമെത്തിയത്. പിന്നാലെ 89 അംഗങ്ങളുള്ള സംഘം എത്തി.
കണ്ണൂരിലെയും പാങ്ങോട് സൈനിക നിലയത്തിലെയും സൈനികരും രക്ഷാകരം നീട്ടി. വ്യോമസേനാംഗങ്ങളും നാവികസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് എത്തിച്ചത്. 329 അഗ്നിരക്ഷാ സേനാംഗങ്ങളാണ് ദുരന്ത ഭൂമിയിലുള്ളത്. പ്രത്യേക പരിശീലനം നേടിയ 86 സിവിൽ ഡിഫൻസ് അംഗങ്ങൾ ഉൾപ്പെടെയാണിത്.