ബംഗലുരു: കാണാതായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ശ്രമം തുടരുമ്പോള്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ജീര്‍ണിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം കാണാതായ സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ജുന്‍ ഉള്‍പ്പടെ മണ്ണിടിച്ചിലില്‍ കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹമാണ് ഇത്്.
12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായ സ്ത്രീകളില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ. മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കില്‍പ്പെടുകയായിരുന്നു. അതേസമയം കാണാതായ അര്‍ജുനായി തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുഴയിലാകും ഇന്ന് പരിശോധന. ഫെറക്സ് ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കും.
ലോറി പുഴയില്‍ പുതഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഗംഗാവാലി നദിക്കടിയില്‍ നിന്ന് ലഭിച്ച സിഗ്‌നല്‍ കേന്ദ്രീകരിച്ചാകും പരിശോധന. കരഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്‌നല്‍ ലഭിച്ചത്. തിരച്ചിലിനായി ഇന്ന് കൂടുതല്‍ ഡൈവേഴ്‌സ് എത്തും. കരസേന സംഘവും തെരച്ചില്‍ തുടരും. ഇന്നലെ വൈകിട്ടോടെയാണ് പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയത്. അതേസമയം കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അര്‍ജുന്റെ ലോറി ബെലഗാവിയില്‍ നിന്ന് 16-ന് പുലര്‍ച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേരത്തേ ഐഎസ്ആര്‍ഒ കൈമാറിയ ദൃശ്യങ്ങളില്‍ നിന്ന് സൂചനകളില്ലെന്നാണ് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് കൈമാറിയത്. 16-ന് പുലര്‍ച്ചെയുള്ള ചിത്രങ്ങള്‍ ആകെ കാര്‍മേഘം മൂടിയ നിലയില്‍ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.