നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെന്‍റാവാലന്‍റ് കുറിച്ച് നല്‍കി; പരാതിപ്പെട്ടതോടെ ഭീഷണി

നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെന്‍റാവാലന്‍റ് കുറിച്ച് നല്‍കി; പരാതിപ്പെട്ടതോടെ ഭീഷണി


തൃശ്ശൂർ: തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായി പരാതി. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയത് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപം. അമ്മയുടെ പരാതിയില്‍ ഡിഎംഒ അന്വേഷണം തുടങ്ങി.

തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചാഴൂര്‍ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി പ്രസവിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കാര്‍ഡില്‍ നവജാത ശിശുവിന് നല്‍കുന്ന വാക്സിന് പകരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രേഖപ്പെടുത്തിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അമ്മ തിരുത്താനാന്‍ ആവശ്യപ്പെട്ടതോടെ മുട്ടാന്യായം പറഞ്ഞ് വാക്സിന്‍ നല്‍കാതിരിക്കാന്‍ ശ്രമിച്ചു.

പൊലീസിനെ വിളിച്ചു വരുത്തി ജോലി തടസ്സപ്പെടുത്തിയതിന് കേസെടുക്കുമെന്നും ജെഐ ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ആരോഗ്യ മന്ത്രിക്കുപരാതി നല്‍കിയിട്ടുണ്ട്. കാര്‍ഡില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു എന്ന് പ്രാഥമികാരോഗ്യ കേന്ദ്രവും സമ്മതിക്കുന്നണ്ട്. എന്നാല്‍ വാക്സിനെടുത്തിരുന്നില്ലെന്നും ശരിയായ വാക്സിനാണ് നല്‍കിയതെന്നും അവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ ഡിഎംഒതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്