ഡെല്‍ഹി: ജിടിബി ആശുപത്രിക്കുള്ളില്‍ ചികിത്സയിലിരുന്ന രോഗിയെ തോക്കുമായെത്തിയ ആള്‍ വെടിവച്ച് കൊലപ്പെടുത്തി. വയറുവേദനയ്ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നു ഖജൂരിഖാസ് സ്വദേശി റിയാസുദ്ദീനാണ് (32) വെടിയേറ്റ് മരിച്ചത്. ആശുപത്രിയിലെ മൂന്നാം നിലയിലെ 24ാമത്തെ മുറിയില്‍ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ജൂണ്‍ 23 നാണ് റിയാസുദ്ദീന്‍ ചികിത്സക്കായി അഡ്മിറ്റായത്. തോക്കുമായി കടന്ന് വന്ന വ്യക്തി മൂന്ന് റൌണ്ട് വെടിവെച്ചെന്നാണ് ദൃക്ഷസാക്ഷികള്‍ പറയുന്നത്. റിയാസുദ്ദീനെ ഡോക്ടര്‍ പരിശോധിച്ചിരുന്ന സമയത്തായിരുന്നു വെടിവെപ്പ് നടന്നത്. ഡോക്ടര്‍ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാല്‍ വെടിയേറ്റില്ല. ആക്രമണം നടത്തിയ പ്രതി സംഭവശേഷം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
ആളെ തിരിച്ചറിഞ്ഞുവെന്നും ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആശുപത്രികളുടെ സുരക്ഷ കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ശന നടപടി വേണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.