കൊച്ചി; പനമ്പിള്ളി നഗറില്‍ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞു കൊന്ന സംഭവത്തില്‍ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. അതേ സമയം എറണാകുളം വിട്ട് പോകരുതെന്ന് കര്‍ശന നിര്‍ദേശങ്ങളോടെയാണ് ജാമ്യം നല്‍കിയത്. കേസിന്റെ അന്വേഷണം പൂര്‍ത്തികരിച്ചതായും കുഞ്ഞിന്റെ അമ്മയായിരുന്ന 23 വയസുകാരി ലൈംഗിതക്രമ കേസില്‍ അതിജീവിതയാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ ജാമ്യം.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിന് മുകളില്‍ നിന്നാണ് അമ്മ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്റെ ശരീരം ആദ്യം കണ്ടത്. റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവര്‍ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ അന്വേഷണം. ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ പൊലീസ് എത്തിയത്. അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യംചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നതും അറസ്റ്റ് ചെയ്തതും.