'കേരളത്തെയോർത്ത് അഭിമാനം, രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാട്'; വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി


'കേരളത്തെയോർത്ത് അഭിമാനം, രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ ജനങ്ങളുള്ള നാട്'; വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി


തിരുവനന്തപുരം: കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ  ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ. കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ വിഴിഞ്ഞം ലൈറ്റ് ഹൗസിൽ വിനോദസഞ്ചാരമേഖലയിലെ പങ്കാളികളുമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിമനോഹരമാണെന്നും ഇവിടെ എപ്പോഴെത്തിയാലും പരമാവധി സമയം ചെലവഴിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തെയോർത്ത് അഭിമാനമുണ്ട്. ഓരോ വർഷവും 35 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് കോവളത്തെത്തുന്നത്. രണ്ട് ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികളും വർഷംതോറും കോവളത്തെത്തുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസ് പുനരുദ്ധാരണം നടത്തുകയും ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും കഠിനപ്രയത്നം നടത്തി വരികയാണെന്നും ഇതിന്റെ ഭാഗമായാണ് ഷിപ്പിംഗ് മന്ത്രാലയം സാഗർ മാലാ പ്രോജക്ട്, ലൈറ്റ് ഹൗസ് ടൂറിസം എന്നിവ അടക്കമുള്ള എല്ലാ പദ്ധതികളും നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 203 ലൈറ്റ് ഹൗസുകളിൽ 75 എണ്ണം ഇതിനകം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി വികസിപ്പിച്ചു കഴിഞ്ഞു. നമ്മുടെ സമുദ്രതീരത്തെ ഈ ഐതിഹാസികമായ നിർമിതികളെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി രാജ്യത്തെ ബാക്കി ലൈറ്റ് ഹൗസുകളും വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 2014 വരെ വർഷം 3.5 ലക്ഷം ടൂറിസ്റ്റുകളാണ് ലൈറ്റ് ഹൗസുകൾ സന്ദർശിച്ചിരുന്നതെങ്കിൽ ഇന്നത് 17 ലക്ഷമാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് ഇത് 25 ലക്ഷമാക്കി വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലുള്ള 18 ലൈറ്റ് ഹൗസുകളിൽ 11 എണ്ണം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനകം വികസിപ്പിച്ചു കഴിഞ്ഞു. ലേസർ ലൈറ്റ് ആന്റ് സൗണ്ട് ഷോ, ഇലക്ട്രിക് വാഹനങ്ങൾ, കുട്ടികൾക്ക് കളിസ്ഥലം, അക്യുപ്രഷർ പാത്ത് വേ, സെൽഫി പോയന്റുകൾ, കഫറ്റേരിയ എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ലൈറ്റ് ഹൗസുകൾ വികസിപ്പിക്കുന്നത്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം വിൻസെന്റ് എം എൽ എ ആശംസകൾ അർപ്പിച്ചു. ലൈറ്റ് ഹൗസസ് ആന്റ് ലൈറ്റ്ഷിപ്പ് ഡയറക്ടർ ജനറൽ എൽ മുരുകാനന്ദം ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ വിനോദ സഞ്ചാരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും നൂതന ആശയങ്ങളും പങ്കുവെക്കപ്പെട്ടു. വിനോദ സഞ്ചാരം, ഹോട്ടൽ വ്യവസായം, വിമാനക്കമ്പനി പ്രതിനിധികൾ, ടൂറിസം ഗൈഡുമാർ, റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, ആയുർവേദ റിസോർട്ടുകളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പോർട്ട് ഷിപ്പിങ് വാട്ടർവെയ്സ് അഡ്വൈസർ ഡോ. കെ കെ നാഥ് സ്വാഗതവും ലൈറ്റ് ഹൗസ് ആന്റ് ലൈറ്റ് ഷിപ്പ് കൊച്ചി ഡയറക്ടർ അനിൽ ആന്റണി നന്ദിയും പറഞ്ഞു.