മട്ടന്നൂരിനെ നടുക്കി വാഹനാപകടം; കാര്‍ യാത്രക്കാരായ പിതാവും മകനും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി

മട്ടന്നൂരിനെ നടുക്കി വാഹനാപകടം; കാര്‍ യാത്രക്കാരായ പിതാവും മകനും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി



മട്ടന്നൂർ: പിതാവിൻ്റെയും മകൻന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകട വാർത്തയറിഞ്ഞ് വിമാനതാവള നഗരമായ മട്ടന്നൂർ നടുങ്ങി.

ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കൂത്തുപറമ്ബ് - മട്ടന്നൂർ റോഡിലെ നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിലാണ് രണ്ടുപേർ അതിദാരുണമായി മരിച്ചത്.

മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് അതിദാരുണമായി മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിസാൻ,ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴശിയിൽ ബന്ധു വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി രാത്രി 12 മണിയോടെയാണ് നെല്ലുന്നിയിൽ വച്ച് അപകടം. ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നവാസ് സഞ്ചരിച്ച കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലിസും മട്ടന്നൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും നവാസും മകനും മരണമടയുകയായിരുന്നു.