കാർഷിക ഉപകരണങ്ങളും ജീവാണു ഉപാധികളും വിതരണം ചെയ്തു

കാർഷിക ഉപകരണങ്ങളും ജീവാണു ഉപാധികളും വിതരണം ചെയ്തു



ഇരിട്ടി: നബാർഡ് സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി ആറളം ആദിവാസി പുനരധിവാസ മേഖലയിൽ സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി ആർ ഡി ) നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനത്തിൻ്റെ ഭാഗമായി ആദിവാസി കർഷകർക്ക് കാർഷിക ഉപകരണങ്ങളും ജീവാണു ഉപാധികളും വിതരണം ചെയ്തു. കേരള കാർഷിക സർവ്വകലാശാല തൃശൂർ സെൻ്റർ  വെള്ളാനിക്കര കാർഷിക കോളേജിൻ്റെ 2023-24 വർഷത്തെ ട്രൈബൽ സബ് പ്ലാനിൽപ്പെടുത്തിയാണ് വിവിധ പണിയായുധങ്ങളും ജീവാണു വസ്തുക്കളും വിതരണം ചെയ്തത്.  കാട്ടുപന്നി പ്രതിരോധനത്തിനുള്ള ബോറപ്പ്, സൂഡോമോണസ്, ട്രൈക്കോഡർമ്മ, റിഫ്ലക്ട് ആൻറ് ഹോളോഗ്രാം റിബൺ, വിവിധ തരത്തിലുള്ള സ്പ്രെയറുകൾ, കൈതൂമ്പ എന്നിവ കർഷകർക്ക് നൽകി. 
പദ്ധതി പ്രദേശത്ത് ആദിവാസി കുടുംബങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുമായി സി ആർ ഡി നബാർഡിൻ്റെ സാമ്പത്തീക സഹായത്തോടെ രൂപീകരിച്ച ഗോത്രശ്രീ കർഷക ഉല്പാദക കമ്പിനി വഴിയാണ് കർഷകർക്ക് സാധനങ്ങൾ ലഭ്യമാക്കിയത്. കക്കുവയിൽ നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ജീവാണു വളം വിതരണം ചെയ്തു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ അദ്ധ്യക്ഷനായി. വെള്ളാനിക്കര കാർഷിക കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. എം.ടി. രഞ്ജിത്  ക്ലാസെടുത്തു.  ഗോത്രശ്രീ കർഷക  ഉൽപാദക കമ്പിനി ഡയറക്ടർമാരായ കെ.കെ. മിനി, കുമാരൻ കോട്ടി എന്നിവർ സംസാരിച്ചു. സി ആർ ഡി പ്രോഗ്രാം ഓഫീസർ ഇ. സി. ഷാജി സ്വാഗതവും കെ.എ. ജോസഫ് നന്ദിയും പറഞ്ഞു.