ഫോർച്യൂണറുമായി മത്സരിക്കാൻ നിസാൻ്റെ ഈ അടിപൊളി എസ്‌യുവി! എന്താണ് പ്രത്യേകതയെന്ന് അറിയൂ


ഫോർച്യൂണറുമായി മത്സരിക്കാൻ നിസാൻ്റെ ഈ അടിപൊളി എസ്‌യുവി! എന്താണ് പ്രത്യേകതയെന്ന് അറിയൂ


മാഗ്‌നൈറ്റുമായി ഇന്ത്യൻ വിപണിയിൽ തിളങ്ങുന്ന നിസാൻ ഇന്ത്യ, ഏറെ നാളുകൾക്ക് ശേഷം തങ്ങളുടെ പുതിയ എസ്‌യുവി നിസാൻ എക്‌സ്-ട്രെയിൽ അവതരിപ്പിച്ചു. നിലവിൽ ഈ എസ്‌യുവി കമ്പനി പ്രദർശിപ്പിക്കുക മാത്രമേ ചെയ്‍തിട്ടുള്ളൂ. അതിൻ്റെ വിലയും ഉടൻ പ്രഖ്യാപിക്കും. മൂന്ന് നിരകളുള്ള എസ്‌യുവിയായിരിക്കും ഇത്. നിലവിൽ, ഇതിൻ്റെ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിൻ്റെ വിൽപ്പന ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ എസ്‌യുവിക്ക് ഡാർക്ക് ക്രോമോടുകൂടിയ വി-മോഷൻ ഗ്രിൽ, എൽഇഡി ഡിആർഎൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഡയമണ്ട് കട്ട് അലോയ് വീൽ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയുണ്ട്. വെള്ള, സിൽവർ, കറുപ്പ് നിറങ്ങളിൽ നിസാൻ എക്സ്-ട്രെയിൽ എസ്‌യുവി വാങ്ങാം. ഇതിൻ്റെ നീളം 4680 എംഎം, വീതി 1840 എംഎം, ഉയരം 1725 എംഎം, വീൽബേസ് 2705 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 210 എംഎം എന്നിങ്ങനെയാണ്.

നിസാൻ്റെ ഈ പുതിയ കാറിന് 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പുഷ് സ്റ്റാർട്ട് ബട്ടണോടുകൂടിയ കീലെസ് എൻട്രി, ഡ്യുവൽ പെയിൻ പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുണ്ട്. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ തുടങ്ങിയ ഫീച്ചറുകൾ നൽകുന്നുണ്ട്.

സുരക്ഷയ്ക്കായി, 7 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇബിഡിയുള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ വൈപ്പറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് പാർക്കിംഗ് സെൻസർ എന്നിവ നൽകിയിട്ടുണ്ട്. X-Trail 7-സീറ്റർ മോഡലിന് 1.5 ലിറ്റർ, മൂന്നുസിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ട്. അത് 12-വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്നു. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എൻജിനൊപ്പം നൽകിയിട്ടുണ്ട്. ഈ സജ്ജീകരണത്തിന് 163 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും സൃഷ്ടിക്കാനാകും.

നിസാൻ എക്സ്-ട്രെയിൽ പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ലോഞ്ച് ചെയ്ത ശേഷം സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായി മത്സരിക്കും. ഇതിൻ്റെ പ്രാരംഭ വില 40 ലക്ഷം രൂപയും ടോപ്പ് വേരിയൻ്റിന് 45 ലക്ഷം രൂപയുമാകാം. എക്‌സ് ഷോറൂം അനുസരിച്ചായിരിക്കും ഈ വില.