കാസർകോട്: കാസർകോട് ബദിയടുക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനവുമായി നാട്ടുകാർ. കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടം ഉണ്ടായ ഉടൻ വിളിച്ചിട്ടു ബദിയടുക്ക ഓഫീസിലെ ആരും ഫോണെടുത്തില്ല. അരമണിക്കൂർ നിരന്തരം പരിശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. ഷോക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും ഷോക്കേറ്റതോടെ രക്ഷാദൗത്യം വൈകി. യുവാവിനെ രക്ഷിക്കാൻ കഴിയാതിരുന്നത് ഇക്കാരണത്താലെന്നും നാട്ടുകാർ വ്യക്തമാക്കി.
മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.