കൃഷ്ണഗിരിയില്‍ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ; കവർച്ചയ്ക്കിടെയെന്ന് സംശയം; അന്വേഷണമാരംഭിച്ച് പൊലീസ്

കൃഷ്ണഗിരിയില്‍ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ; കവർച്ചയ്ക്കിടെയെന്ന് സംശയം; അന്വേഷണമാരംഭിച്ച് പൊലീസ്


ചെന്നൈ: തമിഴ്നാട് കൃഷ്ണ​ഗിരിയിൽ മലയാളി കുത്തേറ്റ് മരിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശി എം ടി ഏലിയാസ് ആണ് മരിച്ചത്. ചെന്നൈ - ബംഗളുരു ഹൈവെയിൽ മഹാരാജാകാട് എന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ 2 മണിക്കാണ് സംഭവം നടന്നത്. ഹൈവേയിൽ ഉള്ള ശരവണ ഭവൻ ഹോട്ടലിന് മുന്നിൽ കുത്തേറ്റു രക്തം വാർന്ന് മരിച്ച നിലയിൽ കിടക്കുകയായിരുന്നു ഏലിയാസ്. പുലർച്ചെ 5 മണിയോടെ ഹോട്ടലിന്റെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഹൈവേയിൽ നടന്ന കൊള്ളയുടെ ഭാ​ഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹോട്ടലിന്റെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കിൽ രണ്ട് പേർ രക്ഷപ്പെടുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അക്രമികൾക്കായി തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു. കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഏലിയാസിന്റെ നെഞ്ചത്താണ് കുത്തേറ്റത്.