സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: പരാതി നൽകി അർജുന്റെ കുടുംബം

സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം: പരാതി നൽകി അർജുന്റെ കുടുംബം




കോഴിക്കോട്: സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി. വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു അർജുന്റെ കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത്.കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

കഴിഞ്ഞ രണ്ട് ദിവസം മുൻ അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളമനത്തിന്റെ ഭാഗങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്.

അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. തുടർന്നാണ് കുടുംബം സൈബർ സെല്ലിൽ പരാതിയുമായി സമീപിച്ചത്.

അതേസമയം, കാണാതായ അര്‍ജുനായി പത്താം ദിവസം തിരച്ചില്‍ തുടങ്ങി. കാലാവസ്ഥ വെല്ലുവിളിയായി തുടരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. മണ്ണ് നീക്കിയാണ് തിരച്ചില്‍ നടക്കുന്നത്.

ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഇറങ്ങും. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം. കരയിൽ നിന്ന് 30 മീറ്റർ മാറി അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.