വിദേശ സഞ്ചാരികള്‍ക്ക് ഇനി മണി എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കേണ്ട; വണ്‍ വേള്‍ഡ് കാര്‍ഡ് യുപിഐ പേമെന്റുമായി എന്‍പിസിഐ


വിദേശ സഞ്ചാരികള്‍ക്ക് ഇനി മണി എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കേണ്ട; വണ്‍ വേള്‍ഡ് കാര്‍ഡ് യുപിഐ പേമെന്റുമായി എന്‍പിസിഐ



രാജ്യത്ത് ഇന്ന് സമസ്ത മേഖലകളും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് മാറി കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് യുപിഐ ട്രാന്‍സാക്ഷന്‍ സാധ്യമായിരുന്നില്ല. ടൂറിസത്തിനും സാമ്പത്തിക ഘടനയ്ക്കും ഊര്‍ജ്ജം പകരുന്നതാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ പദ്ധതി.

ഇന്ത്യന്‍ സിം കാര്‍ഡും, ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണ് യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കുക. വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വണ്‍ വേള്‍ഡ് യുപിഐ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സിം കാര്‍ഡും, ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും കൂടാതെ യുപിഐ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ആപ്പാണിത്.

പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. വണ്‍ വേള്‍ഡ് യുപിഐ ആപ്പ് ഒരു പ്രീപെയ്ഡ് വാലറ്റാണ്. വിദേശത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വണ്‍ വേള്‍ഡ് യുപിഐ ആപ്പിലേക്ക് പണം മാറ്റിയ ശേഷം ആവശ്യാനുസരണം യുപിഐ പേമെന്റുകള്‍ നടത്താന്‍ സാധിക്കും.

എന്നാല്‍ ഇതിന് കെവൈസി നടപടി ക്രമങ്ങള്‍ പാലിക്കണം. ഇതിനായി വിദേശ സഞ്ചാരികളുടെ പാസ്‌പോര്‍ട്ട് വിസ ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ തന്നെ ഇതിനുള്ള സൗകര്യം തയ്യാറാക്കും. ഇതോടെ വിദേശ സഞ്ചാരികള്‍ക്ക് കറന്‍സി എക്‌സ്‌ചേഞ്ചുകളെ ആശ്രയിക്കേണ്ടി വരില്ല.