തൃശൂര്‍: നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മാരക മയക്കുമരുന്ന് കണ്ടെത്തിയെന്നും നിങ്ങള്‍ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നും പറഞ്ഞ് പൊലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിക്കാനിടയുണ്ടെന്ന് കേരള പൊലീസ്. കോള്‍ എടുക്കുന്നയാള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇങ്ങനെയുള്ള കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടാതെ ഉടനെ പോലീസില്‍ അറിയിക്കണമെന്നും കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജിലെ മുന്നറിയിപ്പില്‍ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിലാണ് തട്ടിപ്പുകാര്‍ എത്തുന്നത്. പാഴ്‌സലില്‍ ലഹരി കണ്ടെത്തിയത് കൂടാതെ നിങ്ങളുടെ അക്കൗണ്ടില്‍ അനധികൃതമായ പണം വന്നിട്ടുണ്ടെന്നും അതേ പറ്റി അന്വേഷിക്കണമെന്നും സൈബര്‍ തട്ടിപ്പുകാര്‍ അറിയിക്കും. ഈ പണം പരിശോധനയ്ക്കായി റിസര്‍വ് ബാങ്കിലേക്ക് ഓണ്‍ലൈനില്‍ അയക്കാനായി അവര്‍ ആവശ്യപ്പെടും. ഇരകളെ വളരെ പെട്ടെന്ന് മാനസിക സമ്മര്‍ദത്തിന് അടിപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്ന് കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ പങ്കുവച്ച സൈബര്‍ ബോധവത്കരണ വീഡിയോയില്‍ വ്യക്തമാക്കുന്നു.
വളരെ ആധികാരികമായി നാര്‍ക്കോട്ടിക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് ബോധ്യപ്പെടുത്തുന്ന ഹാക്കര്‍ ഈ നിമിഷം മുതല്‍ നിങ്ങള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും മുറിക്ക് പുറത്തു പോകരുതെന്നും ഉത്തരവിടും. ആരെയും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും ഭയപ്പെടുത്തും. തുടര്‍ന്ന് നിങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ മറ്റ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതായി അഭിനയിക്കും. പ്രതി നിരപരാധിയാണോ എന്ന് സംശയമുണ്ടെന്നും അത് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്കിലേക്ക് വിളിക്കുന്നതായും നടിക്കും. ശേഷം റിസര്‍വ് ബാങ് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയും. ഇത് ലഭിക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാര്‍ പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഫോണിലും കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊന്നും അറിയാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആര്‍.ബി.ഐയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏതെങ്കിലും അജ്ഞാതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനും പാടില്ലെന്ന് ആര്‍ബിഐ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്. നിരവധി പേരില്‍ നിന്നായി 3.25 കോടി രൂപയാണ് തട്ടിയെടുത്തത്.