കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു.
പൂന, കോഴിക്കോട് വൈറോളജി ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കി.നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിലവില്‍ കുട്ടിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടിയത്.
പനി കുറയാത്തതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. രോഗലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു.
2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.2018 മേയിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി കോഴിക്കോട് പേരാമ്പ്രയിൽ നിപ സ്ഥിരീകരിച്ചത്.
മേയ് അഞ്ചിന് മരിച്ച പേരാമ്പ്ര സൂപ്പിക്കടയില്‍ മൂസയുടെ മകന് മുഹമ്മദ് സാബിത്ത് ആണ് നിപയുടെആദ്യ ഇര. 17 പേരാണ് കോഴിക്കോട്ടും മലപ്പുറത്തുമായി നിപവൈറസ് മൂലം ആ വര്‍ഷം മരണത്തിന് കീഴടങ്ങിയത്. 2021ല്‍ ഒരാളും 2023 ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേരും മരണത്തിനു കീഴടങ്ങി.
കണ്ട്രോള് റൂം നമ്പർ: 0483-2732010, 0483-2732050, 0483-2732060