കൊച്ചി: തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘത്തിലെ മുഖ്യപ്രതി സ്റ്റീഫൻ റിമാൻഡിൽ. സ്റ്റീഫന് ഒപ്പമുണ്ടായിരുന്ന ആളെ പൊലീസ് വിട്ടയച്ചു. ഇയാൾക്ക് സംഭവത്തിൽ പങ്കിലെന്നു ബോധ്യം ആയതോടെയാണ് വിട്ടയച്ചത്. സ്റ്റീഫനൊപ്പം അറിയാതെ വന്നതാണെന്നാണ് ഇയാള്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. റിമാൻഡിൽ ആയ പ്രതിക്ക് ആയി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്നുമാണ് സിനിമകളുടെ വ്യാജതിപ്പിറക്കുന്ന തമിഴ്നാട് സംഘം പിടിയിലായത്. തിരുവനന്തപുരം ഏരീസ്പ്ലെക്സ് തിയറ്ററില്‍ നിന്ന് ധനുഷ് നായകനായ തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയില്‍ ഇവരെ പൊലീസ് പിടി കൂടുക ആയിരുന്നു. കാക്കനാട് സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രം സമാന രീതിയില്‍ ചോര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ ചിത്രവും തിയറ്ററില്‍ നിന്ന് പകര്‍ത്തിയത് ഈ സംഘം ആണെന്ന് പൊലീസ് പറയുന്നു.
അനുയോജ്യമായ സീറ്റിംഗ് പൊസിഷന്‍ നോക്കി ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവര്‍ തിയറ്ററില്‍ എത്തുക. പിന്നീട് ട്രൈപോഡ് അടക്കം ഉപയോഗിച്ചാണ് സിനിമ മൊബൈലില്‍ പകര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഏറെനാളായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.