കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.
വിശദ വിവരങ്ങൾ ഇങ്ങനെ
ശക്തിയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിൽ മരം വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച് റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കരിന്തളത്തും സമാന സംഭവവുണ്ടായി. വീട് തകര്‍ന്ന് കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്‍റെ ഭാര്യ കെ വി തമ്പായിക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലിൽ മരം കടപുഴകി.
വയനാട് മുട്ടിൽ - മേപ്പാടി റോഡിൽ മരം റോഡിലേക്ക് ചാഞ്ഞു. കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കിൽ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ ആൽമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. പാലക്കാട് പാലക്കയം ചെറുപഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയിൽ കാണാതായത്. തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളില്‍ മരം വീണു. വിദ്യാര്‍ഥികള്‍ എത്തുന്നതിനു മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കണ്ണൂരിലെ അപകടങ്ങൾ
കണ്ണൂർ പയ്യുന്നൂരിൽ ശക്തമായ മഴയിൽ വീട് തകർന്നു. പടിഞ്ഞാറപുരയിൽ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയിരുന്നു. ആളപായമില്ലാത്തത് ഭാഗ്യമായി. കണ്ണൂർ പുതിയങ്ങാടിയിലാകട്ടെ തെങ്ങ് വീണ് മേൽക്കൂര തകർന്ന സംഭവമുണ്ടായി. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. ബീച്ച് റോഡിന് സമീപം താമസിക്കുന്ന രഞ്ജിനിയുടെ വീട്ടിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ ചിറ്റാരിപ്പറമ്പ് പതിനാലാംമൈലിലും മരം കടപുഴകി വീണു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചുമാറ്റി.
കോട്ടയത്തെ അപകടങ്ങൾ
കോട്ടയത്തും കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. വൈക്കം, പാമ്പാടി, ചങ്ങനാശേരി, പാല തുടങ്ങിയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിങ്ങവനം കനകക്കുന്നിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പാമ്പാടി ചെമ്പക്കരയിൽ സ്കൂട്ടർ യാത്രികന് മുകളിലേക്ക് മരം വീണെങ്കിലും കാര്യമായ പരിക്കില്ലാത്തത് ഭാഗ്യമായി. വൈക്കത്ത് വെച്ചൂർ റോഡിൽ കാറുകളുടെ മുകളിലേക്ക് മരം വീണു. പാല - തൊടുപുഴ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പാല പ്രവിത്താനത്ത് നിർത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങൾക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണു. വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല. മൊത്തം 7 പോസ്റ്റുകൾ വീണെന്നാണ് പൊലീസ് പറയുന്നത്.