ഗോവ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു
കാർവാർ > ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. ഗോവ തീരത്തു നിന്നും 102 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. മുന്ദ്രയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ മുൻഭാഗത്താണ് തീപടർന്നതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എംവി മെഴ്സ്ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണച്ചു. കോസ്റ്റ് ഗാർഡിന്റെ സചേത്, സുജീത്, സമ്രാട് കപ്പലുകളും ഒരു എയർക്രാഫ്റ്റുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് വിവരം. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 160 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്.