സ്വപ്ന തീരത്തെത്തിയ സാൻ ഫെർണാണ്ടോയ്‌ക്ക് ഇന്ന് സ്വീകരണം; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വപ്ന തീരത്തെത്തിയ സാൻ ഫെർണാണ്ടോയ്‌ക്ക് ഇന്ന് സ്വീകരണം; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും




തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ തീരത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും ട്രയൽ റൺ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. പ്രതിപക്ഷത്ത് നിന്ന് സ്ഥലം എം.എല്‍.എ എം.വിൻസെന്‍റ് മാത്രം പങ്കെടുക്കും. ആദ്യ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്നലെ രാവിലെയാണ് തുറമുഖത്തെത്തിയത്.

വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ ആഘോഷമാക്കി. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖ ക്യാപ്റ്റൻ ഏറ്റെടുത്തു.സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് 9 വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽനിന്ന് പുറപ്പെട്ടത്.

രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും.

സ്വീകരണ ചടങ്ങിൽ അദാനി പോർട്സ് സിഇഒ കരൺ അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയൽറൺ തുടരും. ജൂലൈയിൽ തന്നെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോർട്സ് അറിയിച്ചു.