സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയിൽ ചാടി; മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി


സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയിൽ ചാടി; മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി



തൃശ്ശൂര്‍: കരുവന്നൂർ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച രാത്രി കരുവന്നൂർ പുഴയിൽ ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ (21) ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂർക്കനാട് ഇല്ലിക്കൽ ഡാം പരിസരത്ത് പുഴയിൽ വീണ് കിടന്നിരുന്ന മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കരയ്ക്ക് കയറ്റിയ മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

ബുധനാഴ്ച്ച രാത്രി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയത്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നു. പുഴയിൽ നല്ല അടിയൊഴുക്ക് ഇപ്പോഴുമുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് മൂന്ന് ദിവസമായി തിരച്ചിൽ നടത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് കരുവന്നൂർ പുഴയിൽ ചാടി ആത്മഹത്യ ശ്രമം നടത്തിയത്. കരുവന്നൂർ പാലത്തിൽ ഉടൻ തന്നെ ഫെൻസിങ് സ്ഥാപിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിട്ടുണ്ട്. തൃശ്ശൂരിൽ ഡിപ്ലോമ വിദ്യാർഥിയാണ് ഹരികൃഷ്ണൻ. അമ്മ രമഭായി. സഹോദരൻ ഉണ്ണികൃഷ്ണൻ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)